കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയുടെ തിരിച്ചടികളും സൃഷ്ടിച്ച വൻ ആഘാതത്തിന് പിന്നാലെ, ഇടുക്കിയിലെ കാർഷിക മേഖലയെ പൂർണമായി തളർത്തി രാസവളങ്ങളുടെ അമിത വിലവർധനവും കടുത്ത ലഭ്യതക്കുറവും
Idukki , 06 സെപ്റ്റംബര് (H.S.) കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയുടെ തിരിച്ചടികളും സൃഷ്ടിച്ച വൻ ആഘാതത്തിന് പിന്നാലെ, ഇടുക്കിയിലെ കാർഷിക മേഖലയെ പൂർണമായി തളർത്തി രാസവളങ്ങളുടെ അമിത വിലവർധനവും കടുത്ത ലഭ്യതക്കുറവും. ഇത്തവണ മൺസൂൺ മഴ ഗണ്യമായി കുറഞ്ഞത് ജില്ലയ
FERTILIZER PRICE HIKE KERALA


Idukki , 06 സെപ്റ്റംബര് (H.S.)

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയുടെ തിരിച്ചടികളും സൃഷ്ടിച്ച വൻ ആഘാതത്തിന് പിന്നാലെ, ഇടുക്കിയിലെ കാർഷിക മേഖലയെ പൂർണമായി തളർത്തി രാസവളങ്ങളുടെ അമിത വിലവർധനവും കടുത്ത ലഭ്യതക്കുറവും. ഇത്തവണ മൺസൂൺ മഴ ഗണ്യമായി കുറഞ്ഞത് ജില്ലയിലെ പ്രധാന നാണ്യവിള കൃഷികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

ജൂൺ മാസത്തിൽ നൽകേണ്ടിയിരുന്ന പ്രധാന വളപ്രയോഗങ്ങൾ മഴയില്ലാത്തതിനാൽ കർഷകർക്ക് ഒഴിവാക്കേണ്ടി വന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ഭേദപ്പെട്ട മഴ ലഭിച്ചതോടെ പ്രതീക്ഷ വീണ്ടെടുത്ത കർഷകർക്ക് മുന്നിൽ ഇപ്പോൾ രാസവള പ്രതിസന്ധി കടുത്ത വില്ലനായി നിൽക്കുകയാണ്. വിലവർധനവിന് ആനുപാതികമായി സർക്കാർ വളങ്ങളുടെ സബ്സിഡി ഉയർത്താത്തതാണ് വിപണിയിലെ ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത വസ്തുക്കളുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിരക്ക് ഉയർത്തുന്നത്.

വില വർധനവ് ഒറ്റനോട്ടത്തിൽ (50 കിലോ ചാക്കിന്)

ഫാക്റ്റംഫോസ് : 1,975 രൂപയിൽ നിന്ന് 2,300 രൂപയായി ഉയർന്നു.എം.ഒ.പി: 1,800 രൂപയിൽ നിന്ന് 2,100 രൂപയായി.16:16 കോംപ്ലക്സ്: 1,675 രൂപയിൽ നിന്ന് 2,250 രൂപയിലേക്ക് കുതിച്ചു.ഡി.എ.പി, യൂറിയ: ഇവയ്ക്ക് കമ്പനികൾ നേരിട്ട് വില കൂട്ടിയിട്ടില്ലെങ്കിലും കടകളിൽ പൂർണ്ണമായും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.

കടകളിൽ സ്റ്റോക്കില്ല, കർഷകർ വലയുന്നു

ചില വളങ്ങൾക്ക് വില കൂട്ടിയിട്ടില്ലെങ്കിലും അത് വിപണിയിൽ ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഡി.എ.പി, യൂറിയ തുടങ്ങിയ അടിസ്ഥാന വളങ്ങൾക്ക് വില വർധിച്ചിട്ടില്ലെങ്കിലും മിക്ക കടകളിലും ഇവയുടെ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. കമ്പനികളിൽ നിന്ന് കൃത്യമായി സപ്ലൈ ലഭിക്കുന്നില്ല. അതേസമയം ഫാക്റ്റംഫോസ്, എം.ഒ.പി തുടങ്ങിയവയ്ക്ക് വൻതോതിൽ വില കൂടുകയും ചെയ്തു. വ്യാപാരി സോജൻ പറഞ്ഞു

സബ്സിഡി വർധിപ്പിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും

ഏലം, കുരുമുളക്, കാപ്പി, റബ്ബർ, പച്ചക്കറികൾ തുടങ്ങിയ വിളകളുടെ ഉൽപ്പാദനത്തെ ഇത് ഗുരുതരമായി ബാധിക്കും. വിളവെടുപ്പ് കാലത്തിന് തൊട്ടുമുമ്പ് നൽകേണ്ട വളപ്രയോഗം മുടങ്ങുന്നത് ഉൽപ്പാദനത്തിൽ 30 മുതൽ 50 ശതമാനം വരെ ഇടിവുണ്ടാക്കുമെന്നാണ് കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം നേരത്തെ തന്നെ വിളവ് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതിനിടയിലാണ് ഇരുട്ടടിയായി വളത്തിൻ്റെ ഈ വിലവർധനവ്. രാസവളങ്ങൾക്ക് അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സബ്സിഡി ഏർപ്പെടുത്തുകയോ ഉയർത്തുകയോ ചെയ്തില്ലെങ്കിൽ കാർഷിക മേഖല പൂർണ്ണമായും സ്തംഭിക്കും. പല കർഷകർക്കും കൃഷി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല. കർഷകൻ ജോയിയുടെ വാക്കുകളാണ്

നാണ്യവിള മേഖലയ്ക്ക് കനത്ത പ്രഹരം

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കലവറയായ ഇടുക്കിയിൽ ഏലവും കുരുമുളകുമാണ് പ്രധാന വരുമാന മാർഗം. മഴ വൈകിയതും പിന്നാലെ വന്ന വളപ്രതിസന്ധിയും ചെടികളുടെ കായ്പിടിത്തത്തെയും വളർച്ചയെയും നേരിട്ട് ബാധിക്കും. ഉൽപ്പാദനച്ചെലവ് ഇരട്ടിയാകുകയും എന്നാൽ വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഹൈറേഞ്ചിലെ കർഷകർ. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് സബ്സിഡി നിരക്കിൽ ആവശ്യത്തിന് വളം ലഭ്യമാക്കാൻ സർക്കാരും കൃഷിവകുപ്പും തയ്യാറാകണമെന്നതാണ് മലയോര മേഖലയുടെ ഏക ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News