കടൽവെള്ളരി വിൽപ്പന; തിരുവനന്തപുരത്ത് രണ്ടുപേർ ഫോറസ്റ്റ് പിടിയിൽ
Thiruvananthapuram , 06 സെപ്റ്റംബര് (H.S.) സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കോവളം ലൈറ്റ് ഹൗസിന് സമീപം ട്രോപ്പിക്കൽ ഹെവൻ ഹോട്ടലിനടുത്ത് വച്ചാണ്
കടൽ വെള്ളരി


Thiruvananthapuram , 06 സെപ്റ്റംബര് (H.S.)

സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കോവളം ലൈറ്റ് ഹൗസിന് സമീപം ട്രോപ്പിക്കൽ ഹെവൻ ഹോട്ടലിനടുത്ത് വച്ചാണ് ഇരുവരും പിടിയിലായത്.

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു.

പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യയിൽ കടൽവെള്ളരികളെല്ലാം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്.

അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വിലയേറിയ കടൽഭക്ഷണമായി ഇവ ഉപയോഗിക്കുന്നതിനാൽ വിദേശരാജ്യങ്ങളിലേക്കുള്ള കടത്തും വ്യാപകമാണെന്നാണ് വിവരം.

കടൽവെള്ളരി ശേഖരിച്ച് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തിനാലിൽ കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. രണ്ടായിരത്തി രണ്ടിൽ പെരുമ്പാവൂരിലും വനം വിജിലൻസ് വിഭാഗം സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ വനംവകുപ്പ് നേരിട്ട് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ പിടിയിലായവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കണ്ടെത്തിയാൽ മാത്രമേ കടൽവെള്ളരിയുടെ ഉറവിടവും കടത്തിന് പിന്നിലുള്ള സംഘത്തെയും കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും വനംവകുപ്പ് അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വി., എസ്.എഫ്.ഒമാരായ അനു കൃഷ്ണൻ, ജിജിമോൻ, പ്രദീപ്, ബി.എഫ്.ഒമാരായ മുകേഷ്, മനുചന്ദ്രൻ, വിഷ്ണു, രമ്യ, എഫ്.ബി.എ. പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News