തകർന്നുതരിപ്പണമായ വയനാട് കണിയാരം-പിലാക്കാവ് റോഡിൻ്റെ ദുരവസ്ഥയിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട വേദി ഒരുക്കി സി.പി.എം.
Wayanad , 06 സെപ്റ്റംബര് (H.S.) തകർന്നുതരിപ്പണമായ വയനാട് കണിയാരം-പിലാക്കാവ് റോഡിൻ്റെ ദുരവസ്ഥയിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട വേദി ഒരുക്കി സി.പി.എം. റോഡിലെ വൻ കുഴികളിൽ വീണ് നടുവൊടിയുന്ന യാത്രക്കാർക്കും വാഹന ഡ്രൈവർമാർക്കും റോഡിലിരുന്ന് തൈലവ
KANIARAM PILAKAVU ROAD ISSUE


Wayanad , 06 സെപ്റ്റംബര് (H.S.)

തകർന്നുതരിപ്പണമായ വയനാട് കണിയാരം-പിലാക്കാവ് റോഡിൻ്റെ ദുരവസ്ഥയിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട വേദി ഒരുക്കി സി.പി.എം. റോഡിലെ വൻ കുഴികളിൽ വീണ് നടുവൊടിയുന്ന യാത്രക്കാർക്കും വാഹന ഡ്രൈവർമാർക്കും റോഡിലിരുന്ന് തൈലവും കുഴമ്പും വിതരണം ചെയ്താണ് സി.പി.എം കണിയാരം ലോക്കൽ കമ്മിറ്റി വേറിട്ട സമരം സംഘടിപ്പിച്ചത്. നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ വലിയ ജനപങ്കാളിത്തത്തോടെയായിരുന്നു ഈ ജനകീയ പ്രതിഷേധം.

മാനന്തവാടി നഗരസഭ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങൾക്ക് മുൻപ് റിപ്പയർ ചെയ്ത കണിയാരം-പിലാക്കാവ് റോഡാണ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. പണി പൂർത്തിയായി ദിവസങ്ങൾക്കകം റോഡിൽ വൻ കുഴികൾ രൂപപ്പെടുകയായിരുന്നു. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സിപിഎം ശനിയാഴ്ച സമരം പ്രഖ്യാപിച്ചത്. സമരം ഭയന്ന് കുഴികളിൽ കല്ല് മാത്രം ഇട്ട് പ്രതിഷേധം തണുപ്പിക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും പ്രവർത്തകർ അത് തടഞ്ഞു.

തുടർന്നാണ് റോഡ് പൂർണമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സമരം നടത്തിയത്. സമരത്തിനിടെയായിരുന്നു വേറിട്ട കുഴമ്പ് വിതരണം. റോഡിലൂടെ സഞ്ചരിച്ച് നടുവൊടിഞ്ഞ ഇരുചക്ര വാഹന യാത്രക്കാർക്കും ഡ്രൈവർമാർക്കുമാണ് പ്രവർത്തകർ കുഴമ്പ് വിതരണം ചെയ്തത്. സമരം സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ടി ബിജു ഉദ്ഘാടനം ചെയ്തു. കണിയാരം ലോക്കൽ സെക്രട്ടറി എം സോമനാണ് കുഴമ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചത്.

മാനന്തവാടി പട്ടണത്തിലെ നഗരസഭയുടെ കീഴിലുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് കണിയാരം-പിലാക്കാവ് റോഡ്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും, തൊഴിലാളികളും കടന്നുപോകുന്ന ഈ വഴിയിലൂടെ ജനങ്ങൾക്ക് യാത്ര വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നവീകരിച്ച റോഡാണ് ഇത്തരത്തിൽ താറുമാറായിരിക്കുന്നത്. റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികൾ മൂലം ബൈക്ക്, ജീപ്പ്, കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കുന്നില്ല. ഇതിനെതിരെയാണ് കണിയാരം നോർത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

വഴിയിലൂടെ സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് തൈലവും കുഴമ്പും വിതരണം ചെയ്യാൻ സാധിച്ചു. ഇനിയും റോഡ് നവീകരിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധവുമായി നഗരസഭയിൽ എത്താനാണ് സി.പി.എംൻ്റെ തീരുമാനമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ടി. ബിജു പറഞ്ഞു.

കെ ജി ജോയ്, കെ വി ജുബൈർ, എ കെ. റൈഷാദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭയ്ക്കെതിരെ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News