Enter your Email Address to subscribe to our newsletters

Pathanamthitta , 06 സെപ്റ്റംബര് (H.S.)
പ്രളയരക്ഷാപ്രവർത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷൻ്റെ പേരിൽ എംവിഡി പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി എംഎൽഎ. ഹൈക്കോടതി വാഹനത്തിന് കൂടുതൽ പിഴയിടാൻ ഉത്തരവിട്ടതിനെത്തുടർന്ന് തനിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്. സാമൂഹ്യമാധ്യമങ്ങളിൽ ആര് വിമർശിച്ചാലും പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ സന്നദ്ധരായി ഇറങ്ങിയ വാഹന ഉടമകൾക്കൊപ്പം തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ പ്രളയം രൂക്ഷമായ സമയത്ത് ആറന്മുള, തിരുവല്ല, റാന്നി എന്നിവിടങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി സാധാരണക്കാർ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ആറന്മുള സ്വദേശികളായ അമലും ഭാര്യ ആർദ്രയും തങ്ങളുടെ ജീപ്പിൽ നിരവധി പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പിന്നീട് ജില്ലയിൽ വെള്ളം കയറാത്ത അടൂർ ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥർ വാഹനത്തിൻ്റെ മോഡിഫിക്കേഷൻ ചൂണ്ടിക്കാട്ടി പിഴ ഈടാക്കിയത്. പ്രളയ രക്ഷാപ്രവർത്തനത്തിനിടയിലാണ് വന്നതെന്ന് പറഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് പോകാൻ ആരോടെങ്കിലും നിർബന്ധിച്ചോ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
തുടർന്ന് ആറന്മുള എംഎൽഎ എന്ന നിലയിൽ അബിൻ വർക്കി വിഷയത്തിൽ ഇടപെടുകയും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പിഴത്തുകയായ 5250 രൂപ അടയ്ക്കുകയും ചെയ്തു. കൂടാതെ വാഹനത്തിലെ അധിക ലൈറ്റുകൾ നീക്കം ചെയ്ത ദൃശ്യങ്ങൾ എംവിഡിയ്ക്ക് കൈമാറുകയും, ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിച്ച് അനുചിതമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി വിധിയും പുതിയ വിവാദവും
ഈ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അടുത്തിടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച കോടതി, ഈ വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും കൂടുതൽ തുക അടയ്ക്കണമെന്നും ഉത്തരവിട്ടു. ഇതോടെ അബിൻ വർക്കിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പൂർണമായി ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അബിൻ വർക്കി, എന്നാൽ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിനിൽക്കുമ്പോൾ ഏക ആശ്രയമായ അടൂർ ടൗണിൽ എംവിഡി പരിശോധന നടത്തിയത് അനൗചിത്യമാണെന്ന നിലപാടിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.
ആറന്മുളയിൽ വെള്ളം കയറിയപ്പോൾ നാട്ടുകാരെ രക്ഷിക്കാൻ ചെറുപ്പക്കാർ വണ്ടിയുമായി ഇറങ്ങിയിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയായ എൻ്റെ കടമയാണ്. അതിനി സാമൂഹ്യമാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലും ശരി, ഞാൻ നിരുപാധികം അമലിനും ആർദ്രയ്ക്കുമൊപ്പം നിൽക്കും, എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അബിന് വര്ക്കിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്ണ രൂപം
പ്രിയപ്പെട്ടവരെ, ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതല് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി എന്നെയും ആ വാഹന ഉടമയെയും വിമര്ശിച്ചു കൊണ്ടുള്ള പോസ്റ്റുകള് കണ്ടു.
ജൂലൈ 31 രാത്രിയാണ് പത്തനംതിട്ടയെ പ്രളയം മുക്കുന്നത്. ഞാന് രാവിലെ ആറന്മുള ക്ഷേത്രത്തിന് അടുത്ത് എൻ്റെ വണ്ടിയില് ചെന്ന് നടന്നു പോയതാണ്. പക്ഷെ ഏതാനും മണിക്കൂര് കഴിഞ്ഞപ്പോള് അവിടെയാകെ വെള്ളം പൊങ്ങി ഒഴുക്ക് കാരണം സാധാരണക്കാര് ഉള്പെടെയുള്ളവര് കുടുങ്ങി കിടക്കുകയായിരുന്നു.ഈ അവസരത്തില് ജനങ്ങളെ രക്ഷിക്കാന് സ്വയം സന്നദ്ധരായി ഇറങ്ങിയ ആറന്മുള സ്വദേശികളായ കപ്പിള്സ് ആണ് അമലും ഭാര്യ ആര്ദ്രയും. അവരുടെ കയ്യില് ഉണ്ടായിരുന്ന ജീപ്പില് ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു.
തുടര്ന്നുള്ള 3 ദിവസവും ഈ പ്രവര്ത്തി അവര് തുടര്ന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി എന്നിവിടങ്ങളില് ആകെ വെള്ളം കയറി കിടക്കുന്ന ദൃശ്യം ലോകം മുഴുവന് കണ്ടതാണ്. ജില്ലയില് വെള്ളം കയറാത്ത, ജനങ്ങള്ക്ക് എത്തി ചേരാന് പറ്റുന്ന ഒരേയൊരു ടൗണ് അടൂര് ആയിരുന്നു. അമലും ആര്ദ്രയും അവിടെ സാധനങ്ങള് മേടിക്കാന് വേണ്ടി പോയപ്പോള് എം.വി.ഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. അമല് പറയുന്നു താന് പ്രളയ രക്ഷാപ്രവര്ത്തനത്തിന് ഇടയില് സാധനങ്ങള് മേടിക്കാന് അടൂരില് വന്നതാണ് എന്ന്..
' നിന്നോട് ആരെങ്കിലും നിര്ബന്ധിച്ചോ രക്ഷാപ്രവര്ത്തനത്തിന് പോകാന് ' ഇതായിരുന്നു എം.വി.ഡിയുടെ മറുപടി.
പ്രളയ രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരന് ആയ ഒരാള്ക്ക് പ്രശ്നമുണ്ടായാല് അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാന് വിശ്വസിക്കുന്നു.
1. ആ വാഹനത്തിന് ചുമത്തിയ പിഴ തുകയായ 5250 രൂപ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചു.
2. വണ്ടിയില് ഉണ്ടായിരുന്ന എക്സ്ട്രാ ലൈറ്റുകള് നീക്കം ചെയ്ത് അതിന്റെ വീഡിയോ എടുത്ത് എം.വി.ഡിക്ക് അയച്ചു കൊടുത്തു.
3. ഞാന് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണുമായി സംസാരിച്ചു. അനൗചിത്യപരമായി പെരുമാറിയ ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടികള് ഉണ്ടായി.
പക്ഷെ ഒരു മാസത്തിനു ശേഷം,
ബഹു. ഹൈക്കോടതി 2024ല് പരിഗണിക്കുന്ന മോഡിഫിക്കേഷന് ആയി ബന്ധപ്പെട്ട കേസില് കഴിഞ്ഞ സിറ്റിങ്ങില് ഇത് ഉള്പ്പെടെ അഞ്ചു വാഹനങ്ങളുടെ കാര്യങ്ങള് ശ്രദ്ധയില്പ്പെടുന്നു. ഈ വാഹനത്തിന് ഇട്ട പിഴ തുക പോരാ എന്ന് ഓര്ഡര് എഴുതുന്നു. നിലവില് പിഴ ഒടുക്കി കേസ് അവസാനിപ്പിച്ച ഈ വാഹനത്തിന് കൂടുതല് തുക അടയ്ക്കണം എന്ന് വിധി പ്രസ്താവം ചെയ്യുന്നു.
ബഹു.ഹൈക്കോടതി വിധിയെ ഞാന് പൂര്ണ്ണമായി ബഹുമാനിക്കുന്നു. ഞാന് ഉള്പ്പെടെയുള്ള ആളുകള് നീതിക്കുവേണ്ടി അഭ്യര്ത്ഥിക്കുന്ന ഉയര്ന്ന നീതിപീഠത്തില് നിന്ന് എന്ത് വിധി പ്രസ്താവമുണ്ടായാലും അത് ബഹുമാനിക്കപ്പെടണം എന്ന് ഞാന് ഉറച്ചു വിശ്വസിക്കുന്നു.
പക്ഷെ ഒരു ജനപ്രതിനിധി എന്ന നിലയില് ഇത് കൂടി ഞാന് കൂട്ടി ചേര്ക്കുന്നു,
ഓഗസ്റ്റ് 1 ന് ഹൈക്കോടതി അഭിഭാഷകര് നടത്തിയ വള്ളസദ്യ കഴിഞ്ഞു തിരികെ പോകാന് കഴുത്തറ്റം വെള്ളത്തില് നിന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയിലെ ഉയര്ന്ന വ്യക്തിത്വങ്ങളുടെ കുടുംബങ്ങളെ ഉള്പെടയുള്ളവരെ ഇത് പോലെയുള്ളഓഫ് റോഡ് വണ്ടിയില് കയറ്റി വിടാന് നേരത്ത് എൻ്റെ മുന്നില് ഉണ്ടായിരുന്നത് ലൈറ്റിൻ്റെ എണ്ണമോ നിയമത്തിൻ്റെ നൂലാമാലകളോ ആയിരുന്നില്ല മറിച്ച് പ്രളയം കണ്ട് ഭയന്ന് നിന്നവരും അവരെ രക്ഷിക്കാന് തയ്യാറായി നില്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും മാത്രം ആയിരുന്നു.
ഞാന് അത് കൊണ്ട് അന്നും പറഞ്ഞു.. ഇന്നും പറയുന്നു.... എപ്പോഴും പറയും..
വെള്ളം കഴുത്തറ്റം മുങ്ങി ഒരു ജില്ലയുടെ ഭൂരിഭാഗം സ്ഥലവും പ്രളയത്തില് നില്ക്കുമ്പോ ആകെ വെള്ളം കയറാത്ത അടൂര് ടൗണില് ആ ദിവസം ചെക്കിങ് നടത്തുന്നത് അനൗചിത്യമാണ്, അനാവശ്യമാണ്. ആ നിലപാടില് ഞാന് ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
അതും മാത്രം അല്ല.
ആറന്മുളയില് വെള്ളം കയറിയപ്പോ ആറന്മുളക്കാരെ ക്ഷിക്കാന് ആറന്മുളയിലെ ചെറുപ്പക്കാര് വണ്ടിയുമായി വന്നിട്ടുണ്ടെങ്കില് അവരെ സംരക്ഷിക്കാന് ആറന്മുളയുടെ ജനപ്രതിനിധിയായ ഞാന് ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളില് ഏതവന് വിമര്ശിച്ചാലും.
ഞാന് നിരുപാധികം അമലിനും ആര്ദ്രയ്ക്കും ഒപ്പമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR