റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു
Kasaragod , 06 സെപ്റ്റംബര് (H.S.) റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ശനിയാഴ്ച
OPERATOR DIES FALLING FROM ZIP LINE


Kasaragod , 06 സെപ്റ്റംബര് (H.S.)

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.

സഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങിയതിനെ തുടർന്ന് സിപ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. സനൂപ് ജോലിക്ക് കയറി രണ്ടാം ദിവസമാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുത്ത് സിപ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസമാണ് ഈ അപകടം സംഭവിച്ചത്. അതേസമയം റാണിപുരം അപകടത്തിൽ സംഭവ സ്ഥലത്തേയ്ക്ക് ബിജെപി മാർച്ച് നടത്തും. റാണിപുരത്തെ ഗ്ലാസ് ബ്രിഡ്ജ് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, സ്ഥാപനം അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് ഞായറാഴ്ച മാർച്ചും ധർണയും നടത്തുന്നത്.

ഈ സ്ഥാപനത്തിൻ്റെ നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബിജെപി പലതവണ പഞ്ചായത്ത് അധികൃതർക്കും മറ്റും പരാതി നൽകിയിരുന്നെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.കെ സുരേഷ് പറഞ്ഞു. ബിജെപി മെമ്പർമാർ ഭരണസമിതി യോഗത്തിൽ പലതവണ വിഷയം ഉന്നയിച്ചുവെങ്കിലും നടപടി എടുക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതിരുന്നതാണ് ഒരാളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും ബിജെപി പറയുന്നു.

വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജിനു സമാനമായാണ് റാണിപുരത്തും ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റാണിപുരം, കേരളത്തിൻ്റെ ഊട്ടി എന്ന പേരിലും അറിയപ്പെടുന്നു. ഏകദേശം 200 അടി ഉയരത്തിലാണ് ഈ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്. ഇവിടെ നിന്ന് റാണിപുരത്തിൻ്റെ 360 ഡിഗ്രി കാഴ്ചകൾ കാണാം.

40 മില്ലിമീറ്റർ കനത്തിൽ സെൻട്രിക് ലാമിനേഷനോടു കൂടിയ അതീവ സുരക്ഷയുള്ള ഇംപോർട്ടഡ് ഗ്ലാസ് ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. 75 അടി നീളവും 6 അടി വീതിയുമുണ്ട് ഈ പാലത്തിന്. ഓരോ ലെയറും എട്ടടി നീളമുള്ള മൂന്ന് ഗ്ലാസുകൾ ചേർന്നതാണ്. 1.5 മില്ലിമീറ്റർ കനമുള്ള സെൻട്രിക് ലാമിനേഷനും ഉപയോഗിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News