Enter your Email Address to subscribe to our newsletters

Thrissur , 06 സെപ്റ്റംബര് (H.S.)
കയ്പമംഗലത്ത് ലോറിയുമായി കാര് കൂട്ടിയിടിച്ച് 8 തമിഴ്നാട് സ്വദേശികളായ വിദ്യാര്ഥികള് കൊല്ലപ്പെട്ട സംഭവത്തില് ദേശീയപാത അതോറിറ്റിക്കെതിരായ വിമർശനങ്ങളിൽ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. നിലവിലെ വിമര്ശനങ്ങള് നേതാക്കളുടെ എസ്കേപ്പിസം (രക്ഷപെടല്) ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിലേക്ക് ജനങ്ങള് പ്രതിനിധികളെ എത്തിക്കുമ്പോള് കാരറുകാരെ പോലുള്ളവരെ പഴിചാരി രക്ഷപ്പെടുകയല്ല വേണ്ടത്, സുരക്ഷിതമായ യാത്ര ഒരുക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിലെ പൊലീസും എംവിഡിയും അടക്കം ഇക്കാര്യത്തില് വേണ്ട നടപടികള് സ്വീകരിക്കേണ്ടതുണ്ട്. സുരക്ഷാ വീഴ്ചകള് ശ്രദ്ധയില് പെട്ടാല് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്നും, അനധികൃതമായി വാഹനങ്ങള് പാര്ക്ക് ചെയ്താല് ഇരുപത്തിയ്യായിരം മുതൽ 50,000 പിഴ ഈടാക്കാന് ആഭ്യന്തര മന്ത്രിക്ക് ശുപാര്ശ നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈവേയില് കൃത്യമായ ഡൈവേര്ഷന് ബോര്ഡുകള് സ്ഥാപിച്ചിട്ടുണ്ടോയെന്ന് സര്ക്കാര് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചുവെന്നും അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടങ്ങളെകുറിച്ചും സുരക്ഷാ വീഴ്ചകളെ കുറിച്ചും ചര്ച്ച ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് അര മണിക്കൂറോളം സംസാരിച്ചു. അദ്ദേഹത്തിന് ഞാന് പറഞ്ഞ കാര്യങ്ങള് മനസിലാവുകയും അതിൻ്റെ തുടര്നടപടിയായി ഹൈവേയില് പെട്രോളിങ് നടപടികള് ആരംഭിക്കുകയും ചെയ്തു സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ ദേശീയ പാത അതോറിറ്റിയെ ഫോണില് വിളിക്കുകയും സുരക്ഷാ കാര്യങ്ങളില് താക്കീത് നല്കുകയും ചെയ്തു. അതോറിറ്റിയുമായി താന് സംസാരിച്ചത് പബ്ലിക്കായി പറയേണ്ട കാര്യമല്ല. പബ്ലിക്ക് ആയിട്ട് പറയുന്നത് എസ്കേപ്പിസം കൂടിയാണ്. നാഷണല് ഹൈവേ ഉപയോഗത്തിനായി ഔദ്യോഗികമായി തുറന്നു കൊടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉദ്ഘാടനം ചെയ്ത് ഉപയോഗ പ്രദമാക്കിയതായി ശ്രദ്ധയില്പെട്ടിരുന്നോയെന്നും അദ്ദേഹം ചോദ്യം ഉയര്ത്തി.
കരാറുകാരെ മൊത്തമായി കുറ്റപ്പെടുത്താന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഹൈവേ പൂര്ത്തീകരണത്തിന് സമയം നീട്ടിയതിനാല് നിയമപരമായി കരാറുകാരെ നേരിടുന്നതിന് തടസങ്ങളുണ്ട്. പണി പുരോഗമിക്കവെ ഹൈവേ ആവശ്യങ്ങള്ക്കായി തുറന്നു നല്കിയെന്നത് ശരിയാണ്. എന്നാല് കൃത്യമായ ബോര്ഡുകള് സ്ഥാപിച്ച് ഡൈവേര്ഷനിട്ട് സുരക്ഷിതമായി യാത്ര ഉറപ്പാക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണ്. അതില് നിന്നും കാരാറുകാര്ക്ക് മാറി നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയെ നടുക്കിയ വിദ്യാര്ഥി മരണങ്ങളില് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ലോറി ഡ്രൈവർ ചെയ്തത് വലിയ അപരാധമാണെന്ന് പറഞ്ഞു. നിയമങ്ങള് തെറ്റിക്കുന്നവര്ക്ക് മേല് അധിക പിഴ ചുമത്തേണ്ടതുണ്ട്, വിദ്യാര്ഥികളുടെ മരണത്തിന് കുടുംബങ്ങള്ക്ക് എത്ര ധനസഹായം നല്കിയാലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കളക്ടറുടെ നിര്ദേശത്തിനനുസരിച്ച് ലൈറ്റില്ലാത്ത ഇടങ്ങളില് ലൈറ്റ് വച്ച് നല്കിയിട്ടുണ്ട്. അതുപോലെ എല്ലാ വകുപ്പുകളും സംയുക്തമായി ഇടപെടേണ്ടതുണ്ട്. നാഷണല് ഹൈവേയിലെ അപകടങ്ങളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചുമൊക്കെ സോഷ്യല് മീഡിയയില് നിരവധി വാര്ത്തകളാണ് ഉള്ളത്. കൂടാതെ പല കാര്യങ്ങളും ജനങ്ങള് വീഡിയോയിലൂടെ അധികാരികളിലേക്ക് എത്തിക്കാന് ശ്രമിക്കുന്നതും ശ്രദ്ധയില്പെട്ടു. ഇത്തരം പ്രവര്ത്തികളോട് മുഖം തിരിക്കാതെ വിശദമായ പരിശോധന നടത്താന് തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR