Enter your Email Address to subscribe to our newsletters

Thiruvananthapuram, 06 സെപ്റ്റംബര് (H.S.)
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷമായ ആക്രമണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക മുഖപത്രമായ 'സുപ്രഭാതം'. കാന്തപുരത്തിൻ്റെ പ്രസ്താവനകളെ സതീശൻ വിമർശിച്ച പശ്ചാത്തലത്തിൽ, ഇസ്ലാമിലെ സ്ത്രീ സങ്കൽപ്പത്തെയും ചരിത്രത്തെയും സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പത്രം എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം കായിക്കരയിലെ സംഭവങ്ങളും സമഗ്രമായ രാഷ്ട്രീയ പശ്ചാത്തലവും വിവരിച്ചുകൊണ്ടാണ് എഡിറ്റോറിയൽ സതീശൻ്റെ വിമർശനങ്ങൾക്കുള്ള മറുപടി നൽകുന്നത്.
സതീശൻ ഉയർത്തുന്ന സ്ത്രീ സ്വാതന്ത്ര്യവാദവും നിലപാടുകളിലെ വൈരുധ്യവും മുഖപത്രത്തിൽ വിശദമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മുൻപ് ശബരിമല യുവതീപ്രവേശനത്തെ എതിർത്ത സതീശൻ ഇപ്പോൾ സ്ത്രീ സമത്വത്തെക്കുറിച്ച് വാചാലനാകുന്നത് സ്വാർത്ഥ രാഷ്ട്രീയത്തിനായാണെന്ന് പത്രം വിമർശിക്കുന്നു. കൂടാതെ വഖഫ് വിഷയത്തിലും പി എം ശ്രീ പദ്ധതിയിലുമുള്ള അദ്ദേഹത്തിൻ്റെ ഇരട്ടത്താപ്പുകളും പരാമർശവിധേയമാകുന്നു. കോൺഗ്രസിനുള്ളിലെയും യു ഡി എഫിലെയും സതീശൻ്റെ രാഷ്ട്രീയ വളർച്ചയെയും മറ്റ് സാമുദായിക നേതാക്കളുമായുള്ള അദ്ദേഹത്തിൻ്റെ മുൻകാല ബന്ധങ്ങളെയും ചൂണ്ടിക്കാണിച്ചാണ് 'സുപ്രഭാതം' ഈ വിഷയത്തെ വിശകലനം ചെയ്യുന്നത്.
ഇസ്ലാമിക നിയമങ്ങളെയും ചരിത്രത്തെയും ആഴത്തിൽ മനസിലാക്കാതെയാണ് അന്തിച്ചർച്ചകളിലെ ഡിബേറ്റുകളും സതീശൻ്റെ പരാമർശങ്ങളും കടന്നുവരുന്നതെന്നും പത്രം അഭിപ്രായപ്പെടുന്നു. കാന്തപുരം തൻ്റെ അനുയായികൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയെ പത്തൊമ്പതാം നൂറ്റാണ്ടിലെ അപരിഷ്ക്യത നിലപാടായി ചിത്രീകരിച്ച സതീശൻ്റെ സമീപനം അപലപനീയമാണെന്നാണ് സമസ്തയുടെ നിലപാട്. വി ഡി സതീശനെ വിമർശിച്ചുകൊണ്ട് 'സുപ്രഭാതം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൻ്റെ പൂർണ്ണരൂപം താഴെ നൽകുന്നു
തിരുവനന്തപുരം കായിക്കരയിൽ, മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാഹനം തടഞ്ഞ് കയർത്ത് സംസാരിച്ച ചേന്തി അനിലിനോട് സതീശൻ പറഞ്ഞു: “മര്യാദക്ക് സംസാരിക്കണം” - ഉടനെ വന്നു, ചേന്തി അനിലിൻ്റെ മറുപടി: “മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്തുചെയ്യും?” കേവലം കോൺഗ്രസുകാരനോടല്ല, കേരളത്തിൻ്റെ മുഖ്യമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് അനിൽ തിരിച്ചറിയുന്നത്, പിന്നീട് പണി കിട്ടിയപ്പോഴാണ്. മുഖ്യമന്ത്രിയെ കണ്ട് ക്ഷമാപണം നടത്താൻ തയാറാകുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.
ചേന്തിയെ കേട്ടവർക്ക് ഷോക്ക് ആയെങ്കിലും മുഖ്യമന്ത്രിക്ക് അതത്ര ആഘാതം ഏൽപ്പിച്ചില്ലെന്ന് അവർക്ക് തോന്നി. കാര്യമുണ്ട് കൊണ്ടും കൊടുത്തും തന്നെയാണ് വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ, കേരള മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്. പെരുന്നയിലെ നായരുമായോ കണിച്ചുകുളങ്ങരയിലെ തേവരുമായോ ഇടഞ്ഞു നോക്കിയവരുണ്ടാകാം. എന്നാൽ രണ്ടുപേരെയും ഒന്നിച്ചുവെല്ലുവിളിച്ചവരാരും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇല്ലം കണ്ട് മടങ്ങീട്ടില്ല - സതീശനല്ലാതെ. അപ്പോൾ അദ്ദേഹത്തിന് കാന്തപുരം വലിപ്പമേറുമോ? ഇല്ലെന്നാവാം മറുപടി. പക്ഷെ, പെണ്ണുങ്ങൾ, പ്രദർശിക്കപ്പെടുമ്പോൾ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാർമികതകൾ ഓർമിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തിൽ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്, അത് 19-ാം നൂറ്റാണ്ടിലെ അപരിഷ്ക്യത കാര്യമാണെന്ന് പറയാൻ സതീശൻ എടുത്ത അത്രതന്നെ സ്വാതന്ത്ര്യം.
ഈ വിഷയം അന്തിച്ചർച്ചകളിലെത്തുമ്പോൾ, വി ഡി സതീശന് കിട്ടുന്ന പിന്തുണ, ആ ഡിബേറ്റിലേക്ക് വരുന്നവർ എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കൽപ്പമെന്ന് മനസ്സിലാക്കാത്തതിൻ്റെ തകരാറിൽ നിന്നുള്ളതാണ്. മുസ്ലിംകൾക്കിടയിലെ തന്നെ ചിലർ ഫീഡ് ചെയ്തു കൊടുത്ത, കുരുടൻ ആനയെ തൊട്ട അനുഭവവുമായാണ് വി ഡി എസ് അതിന് മറുപടി ഉണ്ടാക്കിയത്. സ്ത്രീകൾ അടിമകളായി കരുതപ്പെട്ട, പെൺകുട്ടി ജനിച്ചാൽ കുഴിച്ചു മൂടിക്കളയുന്ന ഒരു കാലത്തിൻ്റെ വിമോചകനായി എത്തുന്ന പ്രവാചകനെയും ഇവർ വായിച്ചത് ശരിയായ രീതിയിലായില്ല. വിഷയം സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് ആകയാൽ ശ്രീമതി- ശൈലജ ടീച്ചർമാർക്ക് പി.ബി കൂടുവോൾ കാത്തിരിക്കേണ്ടി വന്നില്ല എന്നത് ഇതിൻ്റെയൊരു മറുവശം.
സതീശൻ മുഖ്യമന്ത്രിയായാൽ കാക്കമലർന്നുപറക്കുമെന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ഉത്കണ്ഠയെങ്കിൽ സതീശൻ തിണ്ണനിരങ്ങാത്തതായിരുന്നു സുകുമാരൻ നായർക്ക് അസ്കിത ഉണ്ടാക്കിയത്. സതീശൻ വന്നാൽ കാക്കാമാർക്ക് ചിറക് വയ്ക്കുമെന്നായിരുന്നു ഇരുവരും കേരളീയ സമൂഹത്തിന് നൽകിയ മുന്നറിയിപ്പ്. ഇവരെയെല്ലാം ആനയിച്ചതാണ് ഏറ്റവും വലിയ പിഴവെന്ന് സി പി എമ്മിൻ്റെ കേന്ദ്ര കമ്മിറ്റി തന്നെ വിലയിരുത്തിയതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിക്ക് പോലും ഗുഡ്സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് സതീശൻ. ഇതുകൂടി വച്ചാണ് ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമോ എന്ന് സി.പി.എമ്മിന്റെ വലിയ തന്ത്രജ്ഞൻ ആശങ്കപ്പെട്ടത്. വാസ്തവം എന്തായാലും ശരി. പൊതുതെരഞ്ഞെടുപ്പിലായാലും ശേഷമുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലായാലും സതീശനെ പിന്തുണച്ചതിൻ്റെ പാപഭാരം മുസ്ലിംകളുടെ മേൽ എതിരാളികളെങ്കിലും വച്ചുകെട്ടുന്നുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള 'കമൽ' യുദ്ധമാണോ സതീശൻ്റേത് എന്ന് ചിന്തിക്കുന്നവരും ഉണ്ടായേക്കും.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. കാൽനൂറ്റാണ്ട് കാലം നിയമസഭാംഗമായിരിക്കുകയും അതിനിടയിൽ 10 വർഷം യു.ഡി.എഫിന്റെ സർക്കാരുണ്ടാകുകയും നാലു തവണയെങ്കിലും മന്ത്രിസഭകൾ പുതുക്കിയിട്ടും ഒരിക്കൽ പോലും മന്ത്രിയാകാതിരിക്കുകയും നീണ്ടകാലം കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും നേതൃതലമുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ഈ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് വരാതിരിക്കുകയുമൊക്കെ സംഭവിക്കുക എന്നത്, അപൂർവമായി മാത്രം കോൺഗ്രസിൽ സംഭവിക്കുന്ന ഈ പ്രതിഭാസം സതീശന്റെ കാര്യത്തിൽ മാത്രമാണ് ഉണ്ടായത്. പുതുതലമുറ എം.എൽ.എമാരാണ് സതീശനെ പിന്തുണച്ചത്. പിന്നെ സതീശനാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഗതിനിശ്ചയിച്ചത്. ഓരോ ഉപതെരഞ്ഞെടുപ്പും തന്റേതാക്കി മാറ്റാൻ അപാരപാടവം സതീശൻ പ്രകടിച്ചു. തൃക്കാക്കരയിലായിരുന്നു തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ നാലു കോർപറേഷനുകൾ നേടുമെന്ന സതീശന്റെ പ്രവചനം ഫലിച്ചതോടെ ഇയാളെ പേടിക്കണമെന്ന് സി.പി.എമ്മിനും കേരളത്തിലെ ഇതര കോൺഗ്രസ് നേതാക്കൾക്കും മനസിലായി. സതീശനെ നുണയനും ജമാഅത്തും സംഘിയുമൊക്കെയാക്കാൻ ഇടതുപക്ഷം വ്യയം ചെയ്ത അധ്വാനത്തിനും അക്ഷരങ്ങൾക്കും അതിരില്ല. എങ്ങനെ കിഴിച്ചുനോക്കിയിട്ടും പിണറായിക്ക് 76 സീറ്റിൽ നിന്ന് കുറയാതെ കിടക്കുമ്പോഴാണ് നൂറിലേറെ സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സതീശൻ പ്രഖ്യാപിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്. ട്രിബ്യൂണലിൽ കേസ് നടക്കുമ്പോൾ തന്നെ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന് പ്രസ്താവിക്കുന്നത്. പരിശോധിക്കാൻ ഉപസമിതിയെ വച്ചിരിക്കെ തന്നെ ഒപ്പിട്ടുപോയതിനാൽ പി.എം ശ്രീ നടപ്പാക്കാതെ വയ്യ എന്ന് ആണയിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സിയുടെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്നാവുമായിരുന്നു ചോദ്യം. സമരസപ്പെടലിന്റെ മഹാഗോപുരമായ ചെന്നിത്തലക്ക് നറുക്ക് വീഴുകയും ചെയ്യുമായിരുന്നു. സതീശൻ ദിവസം 75 പേജ് വായിക്കും. എന്നാൽ നോവൽ എഴുതീട്ടില്ല. താൻ ദിവസം എത്ര പേജ് വായിക്കുമെന്ന് രമേശ് പറഞ്ഞിട്ടില്ല. പക്ഷെ, അദ്ദേഹം ഒരു നോവലെഴുതിയിട്ടുണ്ട്- നിയോഗം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR