Enter your Email Address to subscribe to our newsletters

Kerala, 06 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ മന്തിക്കടയിൽ വീണ്ടും ചോറ് ചോദിച്ചതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ വഴിവിട്ട് സഹായിക്കാൻ ശ്രമിച്ച പോലീസുകാരനെതിരെ അച്ചടക്ക നടപടി. പ്രതികളെ രക്ഷപ്പെടുത്താനായി അറസ്റ്റുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം കാണിച്ച് ഫയൽ മാറ്റിയ സംഭവത്തിൽ പേട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ (സിപിഒ) സുൽഫിക്കറിനെ സിറ്റി പോലീസ് കമ്മീഷണർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കുട്ടികൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികൾക്കനുകൂലമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെയാണ് ഉന്നതതല ഇടപെടൽ.
ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ കുട്ടികൾ രണ്ടാമതും ചോറ് ആവശ്യപ്പെട്ടതാണ് കടയിലെ ജീവനക്കാരെ പ്രകോപിപ്പിച്ചത്. നിസ്സാര കാര്യത്തെച്ചൊല്ലി തുടങ്ങിയ വാക്കുതർക്കം ഒടുവിൽ കുട്ടികൾക്ക് നേരെയുള്ള ക്രൂരമായ മർദ്ദനത്തിലാണ് കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കൾ ഉടൻതന്നെ പേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമ ഉൾപ്പെടെ കണ്ടാലറിയാവുന്ന മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, ഇതിനു പിന്നാലെയാണ് സ്റ്റേഷനുള്ളിൽ നാടകീയമായ നീക്കങ്ങൾ അരങ്ങേറിയത്.
കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഗൗരവകരമായ വകുപ്പുകൾ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് പകരം, സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു സുൽഫിക്കർ ചെയ്തത്. അറസ്റ്റ് രേഖകളിലും അനുബന്ധ റിപ്പോർട്ടുകളിലും ബോധപൂർവ്വം വീഴ്ച വരുത്തുകയും നടപടിക്രമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൾക്ക് അന്നുതന്നെ ജാമ്യം നേടിക്കൊടുക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെയാണ് കമ്മീഷണറുടെ അടിയന്തര നടപടി.
സംഭവത്തിൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും വിശദമായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനും നിർദേശം നൽകിയിട്ടുണ്ട്. നീതി ഉറപ്പാക്കേണ്ട സേനാംഗങ്ങൾ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ സഹായിക്കാൻ കൂട്ടുനിൽക്കുന്നത് പോലീസിന്റെ വിശ്വാസ്യതയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയിലേക്ക് കടന്നത്.
---------------
Hindusthan Samachar / Roshith K