ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് സുപ്രീം കോടതി നിയന്ത്രണം: കെട്ടിടങ്ങളുടെ കണക്കെടുപ്പുമായി തദ്ദേശ വകുപ്പ്; അപ്പീലുമായി സർക്കാർ മുന്നോട്ട്
Alapuzha, 06 സെപ്റ്റംബര് (H.S.) ആലപ്പുഴ: ദേശീയപാതയിൽ നിന്ന് ഇരുവശങ്ങളിലേക്കും നിശ്ചിത ദൂരപരിധിയിൽ സ്ഥലം ഒഴിച്ചിടണമെന്ന സുപ്രീം കോടതിയുടെ നിർണ്ണായക ഇടക്കാല ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിൽ കടുത്ത ആശങ്ക. കോടതി ഉത്തരവ് നടപ്പിലാക്കേണ്ട
ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് സുപ്രീം കോടതി നിയന്ത്രണം: കെട്ടിടങ്ങളുടെ കണക്കെടുപ്പുമായി തദ്ദേശ വകുപ്പ്; അപ്പീലുമായി സർക്കാർ മുന്നോട്ട്


Alapuzha, 06 സെപ്റ്റംബര് (H.S.)

ആലപ്പുഴ: ദേശീയപാതയിൽ നിന്ന് ഇരുവശങ്ങളിലേക്കും നിശ്ചിത ദൂരപരിധിയിൽ സ്ഥലം ഒഴിച്ചിടണമെന്ന സുപ്രീം കോടതിയുടെ നിർണ്ണായക ഇടക്കാല ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിൽ കടുത്ത ആശങ്ക. കോടതി ഉത്തരവ് നടപ്പിലാക്കേണ്ടിവന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ വിശദമായ കണക്കെടുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ചു. നിലവിൽ പഞ്ചായത്തുകളിൽ നിന്നും മുൻസിപ്പാലിറ്റികളിൽ നിന്നും നിയമപരമായ അനുമതി വാങ്ങി പണി തുടങ്ങിയിട്ടുള്ളതും എന്നാൽ നിർമ്മാണം പൂർത്തിയാകാത്തതുമായ കെട്ടിടങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.

സുപ്രീം കോടതിയുടെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർബന്ധിതമായാൽ, പണി പകുതിവഴിയിലായ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റും (Completion Certificate) കെട്ടിട നമ്പറും ലഭിക്കാത്ത സാഹചര്യമുണ്ടാകും. വാണിജ്യ ആവശ്യങ്ങൾക്കായി വൻതുക നിക്ഷേപിച്ച് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാധാരണക്കാരുടെ വീടുകൾ എന്നിവയെല്ലാം ഇതോടെ കടുത്ത പ്രതിസന്ധിയിലാകും. കെട്ടിട നമ്പർ ലഭിച്ചില്ലെങ്കിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ പോലും ലഭ്യമാകില്ലെന്നത് ഉടമകളെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും

ജനസാന്ദ്രത ഉയർന്ന കേരളത്തിൽ ഭൂമിയുടെ ലഭ്യതക്കുറവും ദേശീയപാതയോരങ്ങളിലെ ഭൂവിനിയോഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാൽ സുപ്രീം കോടതി വിധി അതേപടി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും റിയൽ എസ്റ്റേറ്റ് മേഖലയെയും സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

ഈ സാഹചര്യത്തിലാണ് വിധിയിൽ കേരളത്തിന് മാത്രമായി പ്രത്യേക ഇളവുകൾ നേടിയെടുക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്. കോടതിയിൽ ശക്തമായ വാദമുഖങ്ങൾ നിരത്തുന്നതിനായി കൃത്യമായ വിവരശേഖരണം അനിവാര്യമാണ്. ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്ത് എത്ര നിർമ്മാണങ്ങളെ അത് നേരിട്ട് ബാധിക്കും, ജനങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം എത്രത്തോളമാണ് തുടങ്ങിയ കൃത്യമായ കണക്കുകൾ കോടതിക്ക് മുന്നിൽ സമർപ്പിക്കാനാണ് നിലവിൽ തദ്ദേശ വകുപ്പ് തലത്തിൽ വിവരങ്ങൾ ക്രോഡീകരിക്കുന്നത്.

ഉടമകളിൽ കടുത്ത ആശങ്ക

ബാങ്ക് വായ്പകളും സ്വന്തം സമ്പാദ്യവും ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയ സാധാരണക്കാരും സംരംഭകരും വലിയ അനിശ്ചിതത്വത്തിലാണ്. അനുമതി വാങ്ങി ചട്ടങ്ങൾ പാലിച്ചു തുടങ്ങിയ നിർമ്മാണങ്ങൾ കോടതി ഉത്തരവിന്റെ പേരിൽ തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരി വ്യവസായി സംഘടനകളുടെയും കെട്ടിട ഉടമകളുടെയും നിലപാട്. സർക്കാരിന്റെ നിയമപോരാട്ടത്തിൽ മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ. പഞ്ചായത്ത്-മുനിസിപ്പൽ തലങ്ങളിൽ വിവരശേഖരണം വേഗത്തിലാക്കി അടിയന്തരമായി പരമോന്നത കോടതിയെ സമീപിച്ച് സ്റ്റേയോ അല്ലെങ്കിൽ സംസ്ഥാനത്തിന് അനുയോജ്യമായ ഇളവോ നേടിയെടുക്കാനാണ് സർക്കാർ തലത്തിലുള്ള നീക്കം.

---------------

Hindusthan Samachar / Roshith K


Latest News