Enter your Email Address to subscribe to our newsletters

Kozhikode, 06 സെപ്റ്റംബര് (H.S.)
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവുമായി സമസ്ത ഇ.കെ. വിഭാഗം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന കടുത്ത തലക്കെട്ടിൽ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലും മത-സാമൂഹിക മേഖലകളിലും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. കാര്യങ്ങളുടെ യാഥാർഥ്യവും സന്ദർഭവും വ്യക്തമായി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും, കുരുടൻ ആനയെ കണ്ടതുപോലെയുള്ള നിലപാടാണ് അദ്ദേഹത്തിന്റേതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
സ്ത്രീകൾ പൊതുരംഗത്തും രാത്രികാലങ്ങളിലും അനാവശ്യമായി ഇടപെടുന്നതിനെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന അധാർമിക പ്രവണതകളെക്കുറിച്ചും ഒരു ആത്മീയ നേതാവെന്ന നിലയിൽ വിശ്വാസി സമൂഹത്തെ ഉദ്ബോധിപ്പിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ടെന്നാണ് മുഖപത്രത്തിന്റെ പ്രധാന വാദം. അതിനെ സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തി രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ഉത്തരവാദപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ലെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. സമുദായ ആചാര്യന്മാരുടെ വാക്കുകളെ അവമതിക്കുന്ന ശൈലി മുഖ്യമന്ത്രി തിരുത്തണമെന്നും പക്വതയോടെയും അന്തസ്സോടെയും കാര്യങ്ങളെ സമീപിക്കണമെന്നും മുഖപ്രസംഗം ശക്തമായി ഓർമ്മിപ്പിക്കുന്നു.
വി.ഡി. സതീശന്റെ രാഷ്ട്രീയ ഇരട്ടത്താപ്പിനെയും മുഖപ്രസംഗം തുറന്നുകാട്ടുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തുകയും വിശ്വാസികളുടെ വികാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ശക്തമായി വാദിക്കുകയും ചെയ്ത അതേ വി.ഡി. സതീശൻ തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ച് വാചാലനാകുന്നതെന്ന് സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ആചാരങ്ങളിലെ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കാൻ രംഗത്തിറങ്ങിയവർ ഇസ്ലാമിക നിയമങ്ങളെയും അധ്യാപനങ്ങളെയും കുറിച്ച് പറയുമ്പോൾ മാത്രം പുരോഗമനവാദികളായി വേഷം മാറുന്നത് ഇരട്ടത്താപ്പാണ്. മുൻപ് ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ആളിൽ നിന്ന് ഇത്തരം ഉപദേശങ്ങൾ ആവശ്യമില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സാധാരണയായി പരസ്പരം അകൽച്ച പാലിക്കുന്ന ഇ.കെ. – എ.പി. വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതകൾക്കപ്പുറം, മതപരമായ അധ്യാപനങ്ങൾക്കും നേതൃത്വത്തിനും നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങളെ ഒരുമിച്ചു ചെറുക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണ് ഈ മുഖപ്രസംഗത്തിലൂടെ സമസ്ത നൽകുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സമസ്തയുടെ ഔദ്യോഗിക പത്രത്തിൽ നിന്ന് ഭരണനേതൃത്വത്തിനെതിരെ ഇത്തരമൊരു കടുത്ത വിമർശനം ഉയർന്നുവന്നത് മുന്നണി ബന്ധങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതോടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വരുംദിവസങ്ങളിലെ മറുപടി എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.
---------------
Hindusthan Samachar / Roshith K