ദേശീയപാതകളിലെ റോഡ് സുരക്ഷ പരിശോധിക്കണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.ഡി. സതീശൻ
Thiruvananthapuram , 07 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, നിർമാണ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ അടിയന്തര പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗ
ദേശീയപാതകളിലെ റോഡ് സുരക്ഷ പരിശോധിക്കണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.ഡി. സതീശൻ


Thiruvananthapuram , 07 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, നിർമാണ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ അടിയന്തര പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. ദേശീയപാതകളിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ തേടി കേന്ദ്രത്തിന് കത്തുനൽകിയത്. തൃശൂർ കൈപ്പമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

സംസ്ഥാനത്ത് ദേശീയപാത 66-ന്റെ വികസന ജോലികൾ നടക്കുന്ന റീച്ചുകളിൽ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമോ വഴിതിരിച്ചുവിടുന്നത് സൂചിപ്പിക്കുന്ന റിഫ്ലക്ടറുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതും പെട്ടെന്നുള്ള ഇടുങ്ങിയ തിരിവുകളും യാത്രാവാഹനങ്ങളെ വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ ദിവസം കൈപ്പമംഗലത്തുണ്ടായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ നേരിട്ടുള്ള ഉദാഹരണമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

നിർമാണ കരാർ എടുത്തിട്ടുള്ള ഏജൻസികൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഉന്നതതല സംഘത്തെ നിയോഗിച്ച് സമഗ്രമായ ഓഡിറ്റ് നടത്തണമെന്നാണ് പ്രധാന ആവശ്യം. ശാസ്ത്രീയമായ റോഡ് ഡിസൈനുകൾ നടപ്പിലാക്കുക, സുരക്ഷാ ബാരിക്കേഡുകൾ ഉറപ്പാക്കുക, അപകടമേഖലകളിൽ കൃത്യമായ മാർക്കിങ്ങുകൾ നൽകുക എന്നിവ അടിയന്തരമായി നടപ്പാക്കണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള റോഡ് സുരക്ഷാ ചട്ടങ്ങൾ നിർമാണക്കമ്പനികൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്വതന്ത്ര നിരീക്ഷണ സംവിധാനം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

റോഡ് വികസനം സംസ്ഥാനത്തിന് അനിവാര്യമാണെങ്കിലും സാധാരണക്കാരുടെ ജീവൻ പണയം വെച്ചുകൊണ്ടുള്ള നിർമാണ രീതികൾ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഭാഗത്തുനിന്ന് അടിയന്തരവും ഫലപ്രദവുമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും കൂടുതൽ നിരപരാധികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയും കത്തിൽ അടിവരയിടുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര മന്ത്രാലയം വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും നിർദേശമുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News