Enter your Email Address to subscribe to our newsletters

Chennai, 07 സെപ്റ്റംബര്‍ (H.S.)
ചെന്നൈ നഗരത്തില്‍ രണ്ടാമത് വിമാനത്താവളത്തിന് നടപടി തുടങ്ങി വിജയ് സര്‍ക്കാര്‍. രണ്ടാം വിമാനത്താവളം എവിടെ സ്ഥാപിക്കണമെന്നതില്‍ നിര്‍ണായക പഠനം തുടങ്ങി. ചെങ്കല്‍പ്പട്ട് ജില്ലയിലെ സെയ്യാര്‍, തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിടിപ്പൂണ്ടി എന്നീ രണ്ട് സ്ഥലങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. ഇരു സ്ഥലങ്ങളിലും പ്രാഥമിക സാധ്യതാ പഠനം നടത്താന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നേരത്തെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരില്‍ ചെന്നൈയുടെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാനായിരുന്നു മുന്‍ ഡിഎംകെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളും കര്‍ഷകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ച്ചയായ സമരങ്ങളും എതിര്‍പ്പുകളും ശക്തമായതോടെ പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന് ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ചെന്നൈയുടെ രണ്ടാം വിമാനത്താവളത്തിനായി പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ വീണ്ടും സജീവമായത്. നിലവില്‍ സെയ്യാറും ഗുമ്മിടിപ്പൂണ്ടിയുമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെങ്കല്‍പ്പട്ട് ജില്ലയിലെ സെയ്യാര്‍, പുതുച്ചേരി വിമാനത്താവളത്തിനും കല്‍പ്പാക്കത്തിനും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അതേസമയം തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിടിപ്പൂണ്ടി ചെന്നൈയ്ക്ക് താരതമ്യേന അടുത്ത പ്രദേശമാണ്. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിനും ഗുമ്മിടിപ്പൂണ്ടി മേഖല അടുത്താണ്. ഇരു സ്ഥലങ്ങളുടെയും അനുയോജ്യത സംബന്ധിച്ച് തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സംഘം ഇതിനകം പരിശോധന നടത്തിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിശദമായ പ്രാഥമിക സാധ്യതാ പഠനത്തിനായി എഎഐയെ സമീപിച്ചിരിക്കുന്നത്.
രണ്ട് സ്ഥലങ്ങളിലും വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍, വ്യോമപാത, സമീപ വിമാനത്താവളങ്ങളുമായുള്ള ദൂരം, ഭൂമി ഏറ്റെടുക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ എഎഐ പരിശോധിച്ചേക്കും. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും ഏത് സ്ഥലമാണ് പദ്ധതിക്ക് കൂടുതല്‍ അനുയോജ്യമെന്ന് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുക.
രണ്ട് സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുത്താലും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുമതികള്‍ നേടുന്നത് പ്രധാന വെല്ലുവിളിയായേക്കും. പ്രത്യേകിച്ച് സെയ്യാറില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താംബരം ഇന്ത്യന്‍ എയര്‍ഫോഴ്സ് ബേസിന്റെ വ്യോമമേഖലാ നിയന്ത്രണം സെയ്യാറിലെ വിമാനത്താവള പദ്ധതിയെ ബാധിക്കുമോ എന്നതും പരിശോധിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ സ്ഥാനം, വിമാനങ്ങളുടെ വ്യോമപാത, സമീപത്തെ പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവ കണക്കിലെടുത്തായിരിക്കും അനുമതികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍.
---------------
Hindusthan Samachar / Sreejith S