Enter your Email Address to subscribe to our newsletters

New delhi, 07 സെപ്റ്റംബര്‍ (H.S.)
ദില്ലിയിലെ ഹോസ്റ്റല്‍ കെട്ടിടം ഇടിഞ്ഞു വീണ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതുവരെ 12 പേരെ പുറത്തെടുത്തതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാല്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്.
അപകടത്തിന് കാരണമായ തകര്‍ന്ന കെട്ടിടത്തിന്റെ ഉടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയില്‍ നിന്നാണ് പിടിയിലായത്. നേരത്തെ ഇയാളെ കണ്ടെത്താന്‍ ദില്ലി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കടുത്ത നിയമലംഘനങ്ങളാണ് പുറത്തുവരുന്നത്. സുരക്ഷിതമല്ലെന്ന് കാട്ടി അടച്ചിട്ട കെട്ടിടം കഴിഞ്ഞവര്‍ഷം മുതലാണ് വീണ്ടും തുറന്നുപ്രവര്‍ത്തിച്ചത്. സംഭവത്തില്‍ എം സി ഡി ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. സത്യനികേതനില്‍ നാലുനിലയില്‍ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും അപകടത്തിന്റെ വ്യാപ്തി മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ എസ് യു ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ കാലപ്പഴക്കവും, ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ബലമായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന സമീപമുള്ള കെട്ടിടവും ദുര്‍ബലാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ അവിടെയുള്ളവരെ ഒഴിപ്പിച്ചു. ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. നിയമലംഘനം നടത്തി നിര്‍മ്മിച്ചതും കാലപ്പഴക്കം ചെന്നവുമായ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍ക്കാരിന്റെ നിരുത്തരവാദത്തെ ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമീപകാലത്താണ് ഇതുപോലെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതെന്നും കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S