ഡി.എം.കെയുടേത് ശാസ്ത്രീയ അഴിമതി; പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി വിജയ്
Chennai, 07 സെപ്റ്റംബര്‍ (H.S.) തമിഴ്നാട് നിയമസഭയില്‍ ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. ഡി.എം.കെ ഭരണകാലത്ത് നടന്ന വന്‍ അഴിമതികളെക്കുറിച്ചും പാര്‍ട്ടി ഫണ്ട് ശേഖരണത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ര
CM Joseph Vijay


Chennai, 07 സെപ്റ്റംബര്‍ (H.S.)

തമിഴ്നാട് നിയമസഭയില്‍ ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. ഡി.എം.കെ ഭരണകാലത്ത് നടന്ന വന്‍ അഴിമതികളെക്കുറിച്ചും പാര്‍ട്ടി ഫണ്ട് ശേഖരണത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രേഖകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി സഭയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

കഴിഞ്ഞ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിലും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവില്‍പ്പന ശൃംഖലയായ ടാസ്മാക്കിലും നടന്ന അഴിമതികളുടെ നീണ്ട നിര തന്നെ മുഖ്യമന്ത്രി സഭയില്‍ വായിച്ചു കേള്‍പ്പിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍.

ഡി.എം.കെ ഭരണകാലത്ത് അനധികൃതമായി ശേഖരിച്ച പാര്‍ട്ടി ഫണ്ടുകളുടെ പ്രധാന ഗുണഭോക്താക്കളായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നത് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും അദ്ദേഹത്തിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയുമാണെന്ന് വിജയ് സഭയില്‍ തുറന്നടിച്ചു. ഇതിനുപുറമെ ടാസ്മാക്കുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ മുന്‍ എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെയും അദ്ദേഹത്തിന്റെ സഹോദരന്‍ അശോകിനെയും കേന്ദ്ര ഏജന്‍സി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യവും മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. സത്യസന്ധതയില്ലാത്ത ഉദ്ദേശ്യങ്ങളാണ് ഡി.എം.കെയുടെ ഏറ്റവും വലിയ നേട്ടമെന്ന് കേന്ദ്ര ഏജന്‍സിയുടെ രേഖകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണങ്ങള്‍ നിയമസഭയില്‍ വലിയ ബഹളത്തിനാണ് വഴിവച്ചത്. പ്രസ്താവനയെ ശക്തമായി എതിര്‍ത്തുകൊണ്ട് പ്രധാന പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കര്‍ ജെ.സി.ഡി പ്രഭാകറിന്റെ ഡയസിന് ചുറ്റും തടിച്ചുകൂടിയ പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. സഭാനടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ പലതവണ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡറുകളില്‍ രണ്ടര ശതമാനം അഴിമതി നടന്നുവെന്ന ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ടും വിജയ് സഭയില്‍ ഓര്‍മിപ്പിച്ചു. ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാമര്‍ശിച്ച കരൂര്‍ സംഘത്തെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി, ഡി.എം.കെ ഭരണകാലത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പോലും വളരെ സംഘടിതമായാണ് നടപ്പിലാക്കിയതെന്ന് കുറ്റപ്പെടുത്തി. ഡി.എം.കെ ഭരണകാലത്ത് നടന്ന ഇത്തരം തട്ടിപ്പുകളെ ശാസ്ത്രീയമായ അഴിമതിയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News