തടവറകൾ ഇനി തിരുത്തൽ കേന്ദ്രങ്ങൾ: ജയിലുകളുടെ പേര് പൂർണമായി മാറ്റാൻ ആഭ്യന്തരവകുപ്പ്; സെൻട്രൽ ജയിലുകൾ 'കറക്ഷനൽ സെന്ററുകൾ' ആകും
Thiruvananthapuram, 07 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: പരമ്പരാഗത തടവറ സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് ജയിൽ വകുപ്പിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സമഗ്രമായ ഭരണപരിഷ്കാരവുമായി ആഭ്യന്തരവകുപ്പ്. ശിക്ഷാ കേന്ദ്രങ്ങൾ എന്നതിലുപരി വ്യക്തിത്വ വികസനത
തടവറകൾ ഇനി തിരുത്തൽ കേന്ദ്രങ്ങൾ: ജയിലുകളുടെ പേര് പൂർണമായി മാറ്റാൻ ആഭ്യന്തരവകുപ്പ്; സെൻട്രൽ ജയിലുകൾ 'കറക്ഷനൽ സെന്ററുകൾ' ആകും


Thiruvananthapuram, 07 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: പരമ്പരാഗത തടവറ സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് ജയിൽ വകുപ്പിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സമഗ്രമായ ഭരണപരിഷ്കാരവുമായി ആഭ്യന്തരവകുപ്പ്. ശിക്ഷാ കേന്ദ്രങ്ങൾ എന്നതിലുപരി വ്യക്തിത്വ വികസനത്തിനും സ്വഭാവ നവീകരണത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 'ജയിൽ' എന്ന വാക്ക് പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളുടെ പേര് ‘കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്ന് പുനർനാമകരണം ചെയ്യും.

ജില്ലാ ജയിലുകൾ, സബ് ജയിലുകൾ, സ്പെഷ്യൽ സബ് ജയിലുകൾ എന്നിവയുടെ പേരും ഘടനയും ഇതോടൊപ്പം മാറ്റും. ഇവയെല്ലാം ഇനിമുതൽ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ എന്ന പേരിലാകും അറിയപ്പെടുക. കുറ്റവാളികളെ വെറുതെ അടച്ചിടുന്ന ഇടങ്ങൾ എന്ന കോളനിവാഴ്ചാ കാലത്തെ കർക്കശ കാഴ്ചപ്പാടിന് അറുതിവരുത്തി, അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാൻ പ്രാപ്തരാക്കുന്ന മാനസിക പരിവർത്തന കേന്ദ്രങ്ങളാക്കി ഇത്തരം സ്ഥാപനങ്ങളെ മാറ്റുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ അന്തസ്സോടെ പരിഗണിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവകുപ്പ് ഈ പേരുമാറ്റത്തിന് രൂപം നൽകിയിരിക്കുന്നത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്ന വ്യക്തികൾക്ക് സമൂഹത്തിൽ ഏൽക്കേണ്ടി വരുന്ന സാമൂഹിക ഒറ്റപ്പെടലും അപമാനവും വലിയൊരു പരിധി വരെ ലഘൂകരിക്കാൻ സ്ഥാപനങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പേരുമാറ്റത്തിന് ഒപ്പം തന്നെ തടവുകാരുടെ തൊഴിൽ പരിശീലനം, കൗൺസിലിങ്, ഉന്നത വിദ്യാഭ്യാസം, നിയമസഹായം എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. തടവറകളിലെ അച്ചടക്ക പരിപാലനത്തോടൊപ്പം മാനസികാരോഗ്യ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകും. ഇതിനായുള്ള കരട് നിർദ്ദേശങ്ങൾക്ക് ആഭ്യന്തര വകുപ്പിന്റെ ഉന്നതതല യോഗം അംഗീകാരം നൽകിയതായാണ് വിവരം. നിയമവകുപ്പിന്റെ കൂടി പരിശോധനകൾ പൂർത്തിയാക്കി പുതിയ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും.

---------------

Hindusthan Samachar / Roshith K


Latest News