Enter your Email Address to subscribe to our newsletters

Kozhikode, 07 സെപ്റ്റംബര് (H.S.)
കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സീനിയർ വിദ്യാർഥിനികൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് നിഷേധാത്മകമായ നിലപാടാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ച് മർദനമേറ്റ പെൺകുട്ടി താമസിക്കുന്ന മുഡൂർ, മേപ്പള്ളി മേഖലകളിൽ നിന്നുള്ള എൺപതോളം വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. സംഭവത്തിൽ പ്രദേശവാസികളും രക്ഷിതാക്കളും രോഷാകുലരായതോടെ വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന ചില അനാവശ്യ പ്രവണതകളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഓണാഘോഷ പരിപാടികൾക്കായി പത്താം ക്ലാസിലെ ഏതാനും വിദ്യാർഥിനികൾ പ്രത്യേക ഡ്രസ് കോഡ് നിശ്ചയിച്ചിരുന്നു. എന്നാൽ ഈ ഡ്രസ് കോഡിനെക്കുറിച്ച് അറിവില്ലാതിരുന്ന ഒമ്പതാം ക്ലാസുകാരി സമാനമായ വസ്ത്രം ധരിച്ചാണ് അന്ന് സ്കൂളിലെത്തിയത്. ഇത് സീനിയർ വിദ്യാർഥിനികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കി.
തുടർന്ന് ഓണാവധി കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്ന ആദ്യ ദിവസം തന്നെ ആസൂത്രിതമായി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ ശുചിമുറിക്ക് സമീപത്തേക്ക് വിളിപ്പിച്ചു കൊണ്ടുപോയി ചോദ്യം ചെയ്യുകയും തുടർന്ന് സീനിയർ വിദ്യാർഥിനികൾ ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൂരമായ മർദനത്തിന് ഇരയായ പെൺകുട്ടി ഈ വിവരം അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചെങ്കിലും പ്രതികളായ കുട്ടികൾക്കെതിരെ മാതൃകാപരമായ യാതൊരു നടപടിയും സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം.
മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വമാണ് നാട്ടുകാരെയും രക്ഷിതാക്കളെയും വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മുഡൂർ–മേപ്പള്ളി മേഖലയിലെ വിദ്യാർഥികൾ പ്രതിഷേധ സൂചകമായി ക്ലാസുകളിൽ കയറാതെ വിട്ടുനിന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികളും തദ്ദേശ ജനപ്രതിനിധികളും ഇടപെട്ടത്. യോഗത്തിൽ ഉയരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകും രക്ഷിതാക്കളും പോലീസും അടക്കമുള്ളവർ തുടർനടപടികളിലേക്ക് നീങ്ങുക.
---------------
Hindusthan Samachar / Roshith K