Enter your Email Address to subscribe to our newsletters

New delhi, 07 സെപ്റ്റംബര്‍ (H.S.)
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, വയോധികര്‍ക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2016-ല്‍ സമര്‍പ്പിക്കപ്പെട്ടതും ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്നതുമായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ബെഞ്ചിന്റെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഓരോ ജില്ലയിലും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുക, വൃദ്ധജനങ്ങള്‍ക്ക് മതിയായ പെന്‍ഷനും വയോജന പരിചരണവും ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. അശ്വനി കുമാറാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
കോടിക്കണക്കിന് വയോജനങ്ങളുടെ അവകാശങ്ങളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയമായിരുന്നിട്ടും ഈ കേസിലെ തുടര്‍നടപടികള്‍ വര്‍ഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് കോടതിയില്‍ ഹാജരായപ്പോള്‍ അശ്വനി കുമാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വിഷയം അടിയന്തരമായി പരിഗണനക്കെടുക്കണമെന്നും അദ്ദേഹം ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു.
സുപ്രീം കോടതിക്ക് പൊതുവായ തത്വങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അവ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗവായ് പറഞ്ഞു. ഈ വിഷയം ബന്ധപ്പെട്ട ഹൈക്കോടതികളിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വയോജനങ്ങള്‍ക്കുള്ള നിലവിലെ അടിസ്ഥാന സൗകര്യങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ആദ്യം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പുതുക്കിയ വിവരങ്ങള്‍ തേടാന്‍ ബെഞ്ച് തീരുമാനിച്ചു.
വൃദ്ധസദനങ്ങളെകുറിച്ചും അവിടെ ലഭ്യമാക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി എല്ലാ സംസ്ഥാനങ്ങളിലെയും അഡ്വക്കേറ്റ് ജനറല്‍മാര്‍ക്ക് കത്തയക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് നിര്‍ദ്ദേശിച്ചു. അഡ്വക്കേറ്റ് ജനറല്‍മാര്‍ക്ക് ഈ കത്ത് ലഭിക്കുന്ന തീയതി മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള വയോധികരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ രൂപീകരിക്കുന്നതിനായി 2016 ഏപ്രില്‍ 8-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (NALSA), ഹെല്‍പ്ഏജ് ഇന്ത്യ (HelpAge India) എന്നിവയുടെ സഹായം തേടുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S