സ്വകാര്യവല്ക്കരിക്കില്ല; ജീവനക്കാര്ക്ക് ആശങ്ക വേണ്ടെന്ന് ഐഎസ്ആര്ഒ
Bengaluru, 07 സെപ്റ്റംബര്‍ (H.S.) ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളില്‍ ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. ഇസ്റോയെ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്നും അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കില്ലെന്നും ഏജന്‍സി വ്യ
ISRO


Bengaluru, 07 സെപ്റ്റംബര്‍ (H.S.)

ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളില്‍ ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. ഇസ്റോയെ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്നും അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇസ്റോയുടെ ജോലി ഭാരം കുറയ്ക്കാനും, ഇന്ത്യയുടെ അടുത്ത തലമുറ ബഹിരാകാശ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണെന്ന് ഇസ്റോ എക്‌സിലൂടെ അറിയിച്ചു.

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ, ഇന്ത്യയുടെ അടുത്ത തലമുറ ബഹിരാകാശ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്‌റോയ്ക്ക് സാധിക്കുമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. നിലവിലുള്ള സാങ്കേതികവിദ്യകളും കഴിവുകളും വ്യാവസായിക തലത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും ഇസ്‌റോ കൂട്ടിച്ചേര്‍ത്തു.

ഇസ്‌റോയുടെ ഉത്പാദന-പ്രവര്‍ത്തന ചുമതലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ നിര്‍ദേശിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക വ്യക്തത തേടി സെപ്റ്റംബര്‍ 4-ന് ഒമ്പത് ജീവനക്കാരുടെ സംഘടനകള്‍ ഇസ്‌റോ ചെയര്‍മാന്‍ വി. നാരായണന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിരാകാശ ഏജന്‍സിയുടെ വിശദീകരണം. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (IN-SPACe) ചെയര്‍മാന്‍ പവന്‍ ഗോയങ്ക ഓഗസ്റ്റ് 21-ന് നടത്തിയ ചില പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു ജീവനക്കാരുടെ ആശങ്ക.

ഇസ്‌റോയുടെ ശാസ്ത്രീയ വൈദഗ്ധ്യം ഏറ്റവും ആവശ്യമുള്ള മേഖലകളില്‍ സംഘടനയുടെ പങ്ക് കൂടുതല്‍ ശക്തമാകുമെന്ന് പോസ്റ്റില്‍ പറയുന്നു. അത്യാധുനിക ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, വിപുലമായ സാങ്കേതികവിദ്യകള്‍, മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍, അടുത്ത തലമുറ ലോഞ്ച് സിസ്റ്റങ്ങള്‍, ആഴക്കടല്‍-ഗ്രഹ പര്യവേക്ഷണ ദൗത്യങ്ങള്‍, തന്ത്രപ്രധാനമായ ദേശീയ ശേഷികള്‍ വികസിപ്പിക്കല്‍ എന്നീ മേഖലകളിലായിരിക്കും സംഘടന ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും പ്രസ്താവനയില്‍ പറയുന്നു.

ആശയവിനിമയം, നാവിഗേഷന്‍, ഭൗമ നിരീക്ഷണം എന്നിവയ്ക്കുള്ള അത്യാധുനിക പേലോഡുകള്‍, സെന്‍സറുകള്‍, പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നത് ഇസ്‌റോ തുടര്‍ന്നും നിര്‍വ്വഹിക്കും.

'അതേസമയം, നിലവില്‍ സ്ഥിരമായി നിര്‍മ്മിക്കുന്ന റോക്കറ്റുകളും ഉപഗ്രഹങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മത്സര സ്വഭാവമുള്ള പ്രക്രിയകളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ വ്യവസായങ്ങള്‍ക്കോ കൈമാറി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും,' ഇസ്‌റോ വ്യക്തമാക്കി. ഇത് വഴി കൂടുതല്‍ വിഭവങ്ങളും ശാസ്ത്രജ്ഞരെയും അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ക്കായി വിനിയോഗിക്കാന്‍ ഇസ്‌റോയ്ക്ക് സാധിക്കും.

2035-ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിതമാക്കുക, 2040-ഓടെ ചന്ദ്രനിലേക്ക് ഇന്ത്യന്‍ യാത്രികരെ അയക്കുക, വീണ്ടും ഉപയോഗിക്കാവുന്ന ലോഞ്ച് സിസ്റ്റങ്ങള്‍ വികസിപ്പിക്കുക, ഇന്ത്യയെ ഒരു പ്രധാന ആഗോള ബഹിരാകാശ ശക്തിയായി മാറ്റുക എന്നതാണ് വരാനിരിക്കുന്ന ലക്ഷ്യങ്ങള്‍.

ഭാവിയില്‍ ഇസ്‌റോ ഒരു വിക്ഷേപണ വാഹനങ്ങളും നിര്‍മിക്കില്ലെന്നും സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ഇത് ചെയ്യുമെന്നും ഒരു പൊതുപരിപാടിയില്‍ പവന്‍ ഗോയങ്ക പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസിന്റെ ഔദ്യോഗിക അറിയിപ്പുകളില്ലാതെ വന്നതാണെന്നും നിലവിലുള്ള തൊഴിലാളികളെയും ഭാവിയിലെ പൊതു റിക്രൂട്ട്മെന്റിനെയും ഇത് എങ്ങനെ ബാധിക്കുമെന്ന് വിശദീകരിച്ചിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇസ്‌റോ വികസിപ്പിച്ച സാങ്കേതികവിദ്യ ഒരു ദേശീയ സമ്പത്താണെന്നും അതിന്റെ കൈമാറ്റം സുതാര്യവും ഉത്തരവാദിത്തമുള്ളതുമായിരിക്കണമെന്നും പത്രവാര്‍ത്തകളിലൂടെയല്ല ജീവനക്കാര്‍ ഇതറിയേണ്ടതെന്നും കത്തില്‍ പറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News