പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ അനിശ്ചിതത്വത്തിൽ; ശുപാർശ നൽകാതെ സർക്കാർ, പിന്നിൽ നിയമക്കുരുക്കെന്ന വിലയിരുത്തൽ
Thiruvananthapuram , 07 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ അധ്യാപക തസ്തികകളിലെ 18 പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച ഔദ്യോഗിക ശുപാർശ പബ്ലിക് സർവീസ്
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ അനിശ്ചിതത്വത്തിൽ; ശുപാർശ നൽകാതെ സർക്കാർ, പിന്നിൽ നിയമക്കുരുക്കെന്ന വിലയിരുത്തൽ


Thiruvananthapuram , 07 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ അധ്യാപക തസ്തികകളിലെ 18 പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച ഔദ്യോഗിക ശുപാർശ പബ്ലിക് സർവീസ് കമ്മീഷന് (പിഎസ്സി) കൈമാറാതെ സർക്കാർ. മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കാത്തതിനാൽ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പിഎസ്സിക്കും സാധിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ചില പട്ടികകളുടെ കാലാവധി മാത്രം നീട്ടി നൽകുന്നത് ഭാവിയിൽ ഗുരുതരമായ നിയമപ്രശ്നങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും വഴിവെച്ചേക്കാമെന്ന നിയമവകുപ്പിന്റെ വിലയിരുത്തലാണ് സർക്കാർ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള അധ്യാപക നിയമനവുമായി ബന്ധപ്പെട്ട 18 റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി ദീർഘിപ്പിക്കാനായിരുന്നു മന്ത്രിസഭാ യോഗത്തിലെ തീരുമാനം. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റങ്ങൾ, സ്റ്റാഫ് ഫിക്സേഷൻ എന്നിവയിലെ കാലതാമസം കാരണം യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫയലിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.

പിഎസ്സി ചട്ടങ്ങൾ പ്രകാരം നിലവിൽ നിലവിലുള്ളതോ കാലാവധി പൂർത്തിയാകുന്നതോ ആയ റാങ്ക് പട്ടികകൾക്ക് പൊതുവായ മാനദണ്ഡമില്ലാതെ, തിരഞ്ഞെടുത്ത ചിലതിന് മാത്രം ഇളവ് നൽകുന്നത് തുല്യനീതിയുടെ ലംഘനമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതര വകുപ്പുകളിലെ കാലാവധി തീരുന്നതോ കഴിഞ്ഞതോ ആയ ലിസ്റ്റുകളിലുള്ള ഉദ്യോഗാർഥികൾ ഇതേ ആനുകൂല്യം ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയോ ഹൈക്കോടതിയെയോ സമീപിച്ചാൽ അത് സർക്കാരിന് കനത്ത തിരിച്ചടിയാകും. മുൻകാലങ്ങളിൽ ഇത്തരം ഉത്തരവുകൾ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ട സാഹചര്യങ്ങളും നിയമവിദഗ്ധർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഭരണാനുമതിയും ഔദ്യോഗിക ശുപാർശയും ലഭിച്ചാൽ മാത്രമേ പിഎസ്സി യോഗത്തിന് വിഷയം പരിഗണിക്കാനും കാലാവധി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും സാധിക്കൂ. നിലവിൽ ശുപാർശ വൈകുന്നതോടെ, ഈ മാസം കാലാവധി അവസാനിക്കുന്ന പട്ടികകളിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത ആശങ്കയിലാണ്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ വാഗ്ദാനം യാഥാർഥ്യമാകുമോ അതോ സാങ്കേതിക നൂലാമാലകളിൽ കുരുങ്ങി പദ്ധതി ഉപേക്ഷിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്.

നിയമസാധുത ഉറപ്പുവരുത്തിക്കൊണ്ട് പ്രത്യേക ഉത്തരവിറക്കണോ അതോ പൊതുവായ നയരൂപീകരണം വേണമോ എന്ന കാര്യത്തിൽ സർക്കാരിന്റെ ഉന്നതതലത്തിൽ കൂടിയാലോചനകൾ തുടരുകയാണ്. നിയമപ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം അന്തിമതീരുമാനം എടുത്തില്ലെങ്കിൽ സർക്കാർ പ്രഖ്യാപനം വെറും പാഴ്വാക്കായി മാറുമെന്ന വിമർശനവും തൊഴിലന്വേഷകർക്കിടയിൽ ശക്തമാകുന്നുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News