അട്ടപ്പാടി ഇരട്ടക്കൊലപാതകം:കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
Palakkad , 08 സെപ്റ്റംബര് (H.S.) അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങളിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ തലയിൽ വെട്ടിയും അഞ്ച് വയസ
BHAVANI RIVER BODY


Palakkad , 08 സെപ്റ്റംബര് (H.S.)

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങളിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ തലയിൽ വെട്ടിയും അഞ്ച് വയസ്സുകാരിയായ കുഞ്ഞിനെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം യന്ത്രങ്ങൾ ഉപയോഗിച്ച് ഇരുവരുടെയും തലയറുത്തു മാറ്റുകയും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കി പുഴയിൽ തള്ളുകയുമായിരുന്നു.

പ്രതിക്കായി തിരച്ചിൽ ഊർജിതം

തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ് ക്രൂരമായ ഈ കൃത്യം ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവാണ് ഇയാളെന്നാണ് സൂചന. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ബംഗാളിലേക്ക് രക്ഷപ്പെട്ടതായി സൈബർ സെല്ലിൻ്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാനായി അഗളി ഡിവൈഎസ്പി ആർ അശോകൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. തമിഴ്നാട് അതിർത്തിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിൻ്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

നാടിനെ നടുക്കിയ കണ്ടെത്തൽകഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് സംശയാസ്പദമായ രീതിയിൽ മൂന്ന് പ്ലാസ്റ്റിക് ചാക്കുകൾ പ്രദേശവാസികൾ കണ്ടെത്തിയത്. കാലിമേയ്ക്കാൻ എത്തിയവരാണ് ദുർഗന്ധം വമിക്കുന്ന ചാക്കുകൾ കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 20 ദിവസം മുൻപാണ് ഇവർ ജോലിക്കായി കേരളത്തിലെത്തിയത്. നാലോ അഞ്ചോ ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങൾ പുഴയിലെ ശക്തമായ ഒഴുക്ക് മുതലെടുത്താണ് വെള്ളത്തിലേക്ക് തള്ളിയത്. ഒരു ചാക്കിൽ കുഞ്ഞിൻ്റെ ശരീരഭാഗങ്ങളും രണ്ടാമത്തെ ചാക്കിൽ ഇരുവരുടെയും അറുത്തുമാറ്റിയ തലയുമാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ ചാക്കിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ഒന്നിലധികം പേർക്ക് പങ്കെന്ന് സംശയംയന്ത്രങ്ങൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ ക്രൂരമായി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചാക്കിൽ നിറച്ചിരുന്നത്. അതിനാൽ കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പുതൂർ പൊലീസിൻ്റെ നിഗമനം. തമിഴ്നാട്ടിലെ നീലഗിരി മലനിരകളിൽനിന്ന് ഉത്ഭവിച്ച് കേരളത്തിലേക്ക് പ്രവേശിച്ച് വീണ്ടും തമിഴ്നാട്ടിലേക്ക് തന്നെ ഒഴുകുന്നതാണ് ഭവാനിപ്പുഴ.

അതിനാൽ മൃതദേഹങ്ങൾ എവിടെനിന്നാണ് ഒഴുകിയെത്തിയതെന്ന കാര്യത്തിൽ ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ മൃതദേഹങ്ങൾ പൊതിഞ്ഞിരുന്ന ഒരു അരി ചാക്കിലെ എഴുത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News