അച്ഛൻ മരിച്ചെന്ന് കരുതിയ മക്കൾക്ക് മുന്നിൽ 40 വർഷത്തിന് ശേഷം പുനഃസമാഗമം
Kasaragod , 08 സെപ്റ്റംബര് (H.S.) അച്ഛൻ എവിടെയാണെന്നറിയാതെ, ഒടുവിൽ മരിച്ചുപോയെന്ന് കരുതി വേദനയോടെ അന്വേഷണം അവസാനിപ്പിച്ച മക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ആ അച്ഛനെ തിരികെയെത്തിച്ചു. നാല്പത് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങുകയു
CHILDREN REUNITE WITH FATHER


Kasaragod , 08 സെപ്റ്റംബര് (H.S.)

അച്ഛൻ എവിടെയാണെന്നറിയാതെ, ഒടുവിൽ മരിച്ചുപോയെന്ന് കരുതി വേദനയോടെ അന്വേഷണം അവസാനിപ്പിച്ച മക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ആ അച്ഛനെ തിരികെയെത്തിച്ചു. നാല്പത് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങുകയും, വർഷങ്ങളോളം അനാഥജീവിതം നയിക്കുകയും ചെയ്ത കൊല്ലം ശാസ്താംകോട്ട സ്വദേശി ലീൻ അഗസ്റ്റിനാണ് കാഞ്ഞങ്ങാട് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൻ്റെ സഹായത്തോടെ നീണ്ട ഇടവേളയ്ക്ക് ശേഷം തൻ്റെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടങ്ങിയത്.

മുപ്പത്തിയാഞ്ചാം വയസ്സിൽ വീടുവിട്ടിറങ്ങിയ ലീൻ അഗസ്റ്റിൻ ജീവിതത്തിൻ്റെ പരുക്കൻ വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ 16 വർഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസിയായി എത്തുന്നത്. പ്രായാധിക്യവും രോഗാവസ്ഥയും കൂടിയതോടെ തൻ്റെ കുടുംബത്തെ ഒരിക്കൽകൂടി കാണണമെന്ന ആഗ്രഹം അദ്ദേഹം പുനരധിവാസ കേന്ദ്രം അധികൃതർക്ക് മുന്നിൽ പങ്കുവെക്കുകയായിരുന്നു.

തുടർന്ന് സ്ഥാപന അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലീൻ അഗസ്റ്റിൻ്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ഏതാണ്ട് മൂന്ന് മാസത്തോളമാണ് പ്രിയപ്പെട്ടവര്ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയതെന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിള് ട്രസ്റ്റിൻ്റെ അഡ്മിനിസ്ട്രേററ്റർ സുസ്മിത എം ചാക്കോ പറഞ്ഞു. മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയുമായിരുന്നു.

പിതാവ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതോടെ മക്കൾ സ്ഥാപനത്തിലെത്തുകയും 40 വർഷങ്ങൾക്കുശേഷം പിതാവിനെ നേരിൽ കാണുകയും ചെയ്തു. ഏറെ വികാരനിർഭരമായ കൂടിക്കാഴ്ചയ്ക്കൊടുവിൽ അച്ഛനെ മക്കൾ സന്തോഷത്തോടെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയെന്നും സുസ്മിത പറഞ്ഞു.

ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബമാണ് ലീൻ അഗസ്റ്റിൻ്റേത്. അന്ന് കുട്ടികളായിരുന്നവര് വർഷങ്ങളുടെ കാത്തിരിപ്പൊടുവിൽ പിതാവിനെ തേടി പുനരധിവാസ കേന്ദ്രത്തിലെത്തിയപ്പോൾ ആ കൂടിക്കാഴ്ച കണ്ണീരണിഞ്ഞ വികാരനിർഭരമായ മുഹൂർത്തമായി മാറി. ഒടുവിൽ നാല് പതിറ്റാണ്ടിൻ്റെ മഞ്ഞുരുകലിൽ, അച്ഛനെ സന്തോഷത്തോടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആ മക്കൾക്ക് കഴിഞ്ഞു. സമൂഹത്തിൻ്റെ കരുതലും സ്നേഹവും ഒന്നിച്ചപ്പോൾ അതൊരു കുടുംബത്തിൻ്റെ പുനർജന്മമായി മാറി.

ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിള് ട്രസ്റ്റ്

കഴിഞ്ഞ 20 വർഷത്തോളമായി ആരോരുമില്ലാത്തവർക്കും കുടുംബത്തിൽ നിന്ന് അകന്നുപോയവർക്കും സംരക്ഷണവും അഭയവും നൽകിവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിള് ട്രസ്റ്റ്. നിലവിൽ ഏകദേശം 120 അച്ഛനമ്മമാർക്ക് സ്ഥാപനം അഭയവും പരിചരണവും നൽകിവരുന്നു. സുമനസ്സുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News