Enter your Email Address to subscribe to our newsletters

Kozhikode , 08 സെപ്റ്റംബര് (H.S.)
സ്വന്തം മരണ വാർത്ത പത്രത്തിൽ നൽകി മുങ്ങിയ യുവാവിനെ കണ്ടെത്താൻ പൊലീസിൻ്റെ നീക്കം. കൊച്ചി ഇടപ്പള്ളി പുലുകാവുങ്കൽ സരിൻ കുമാറാണ് (38) മരണവാർത്ത
നൽകിയ ശേഷം മുങ്ങിയത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ഭക്ഷണവുമായി ബൈക്കിൽ പോകുമ്പോൾ താമരശ്ശേരി അടിവാരത്ത് അപകടത്തിൽ സരിൻ
കുമാർ മരിച്ചെന്നായിരുന്നു വാർത്ത. സുഹൃത്ത് അനിൽ പരിക്കേറ്റ് മെഡിക്കൽ കോളജ്
ആശുപ്രതിയിൽ ചികിത്സയിലാണെന്നും സരിൻ്റെ സംസ്കാരം കോഴിക്കോട്
നടത്തിയതായും വാർത്തയിൽ ഉണ്ടായിരുന്നു.
ദുരിതബാധിതർക്ക് ഭക്ഷണവുമായി പോയ യുവാവ് അപകടത്തിൽ മരിച്ചു എന്ന തലക്കെട്ടിലാണ് വാര്ത്ത വന്നത്. വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു ഭക്ഷണപദാർഥങ്ങളുമായി ബൈക്കിൽപോയ യുവാവ് അപകടത്തിൽ മരിച്ചു. ഇടപ്പള്ളി പുലുകാവുങ്കൽ ദിനേശിൻ്റെയും ശ്രീദേവിയുടെയും മകൻ സരിൻ കുമാറാണു(38) മരിച്ചത്.
കോഴിക്കോട് താമരശ്ശേരിയിലെ ഭാര്യവീട്ടിൽ നിന്നാണു സുഹൃത്ത് അനിലിനൊപ്പം സരിൻ ബൈക്കിൽ വയനാട്ടിലേക്ക് തിരിച്ചത്. താമരശ്ശേരി അടിവാരത്തിൽ വച്ചായിരുന്നു അപകടം. സംസ്കാരം കോഴിക്കോട് നടത്തി. അനിൽ ആശുപ്രതിയിൽ ചികിത്സയിലാണ്. ഭാര്യ: റിഷിത. മക്കൾ: ദുർഗാലക്ഷ്മി, സൂര്യ,അനുഗ്രഹ, ശങ്കർ മഹാദേവൻ, ശ്രീദേവി, അമയ എന്നതായിരുന്നു പത്രത്തിൽ വന്ന വാർത്തയുടെ പൂർണരൂപം.
ബാലുശേരി ബന്ധം
ബാലുശ്ശേരി കരുമലയിൽ നിന്ന് വിവാഹം കഴിച്ച സരിൻ ഭാര്യക്കും അഞ്ചു മക്കൾക്കും ഒപ്പം താമസമായിരുന്നു. വാർത്ത പത്രത്തിൽ കണ്ടതോടെ സരിൻ കുമാറിൻ്റെ ബന്ധുക്കൾ കൊച്ചിയിൽ നിന്നു ബാലുശേരി കരുമലയിൽ എത്തി നാട്ടുകാരോട് അന്വേഷിച്ചു. ഇങ്ങനെയൊരു സംസ്കാരം നടന്നതായി നാട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. അപകടമോ മരണമോ ഉണ്ടായിട്ടില്ലെന്നു പൊലീസും വ്യക്തമാക്കി. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനോ ആരെയോ കബളിപ്പിക്കുന്നതിനോ വേണ്ടി സരിൻ കുമാർ സ്വന്തം മരണ വാർത്ത നൽകിയതാണെന്നാണു പൊലീസ് കരുതുന്നത്.
ഇയാൾ വിവിധ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും മോഷണവും നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കിനാലൂരിലെ ഒരു കടയിൽ നിന്നു 42,000 രൂപ മോഷ്ടിച്ചതിനു ബാലുശ്ശേരി സ്റ്റേഷനിൽ കേസുണ്ട്. മറ്റു സ്റ്റേഷനുകളിലും കേസുകൾ ഉള്ളതായി പൊലീസ് പറയുന്നു. കരുമലയിലെ ഭാര്യവീട്ടിലായിരുന്നു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സരിൻ കുമാർ താമസിച്ചിരുന്നത്. ഇവിടെ ഇപ്പോൾ ആരും താമസമില്ല.
അന്നത്തെ എസ്ഐ ഇന്ന് സിഐ
കിനാരൂരിലെ മോഷണ കേസ് അന്വേഷിച്ച അന്നത്തെ എസ്ഐ പി. റഫീഖ് ഇന്ന് ബാലുശ്ശേരി സിഐ ആണ്. പണം മോഷണം പോയ സംഭവത്തിൽ ഇടപ്പള്ളി സ്വദേശിയായ സരിൻ കുമാർ ആണ് പ്രതിയെന്ന് ഇൻസ്പെക്ടർ റഫീഖ് പറഞ്ഞു. ഇടപ്പള്ളി ഭാഗത്ത് നിരവധി കളവ് കേസുകളിൽ പ്രതിയായ ഇയാൾ, മുമ്പ് കരുമലയിലെ അമ്പലത്തിന് എതിർവശത്തുള്ള പാറക്കെട്ടുള്ള ഭാഗത്തായിരുന്നു താമസം. 2023 ജനുവരി 18നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അഞ്ച് കുഞ്ഞു മക്കളെ മുൻപ് ചൈൽഡ് ലൈനിലേക്ക് മാറ്റിയിരുന്നു. പുറത്തിറങ്ങിയ പ്രതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. 2024 ഓഗസ്റ്റിലാണ് പത്രത്തിൽ മരണ വാർത്ത വന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് വ്യാജ വാർത്തയാണെന്ന് വ്യക്തമായി എന്ന് ഇൻസ്പെക്ടർ റഫീഖ് പറഞ്ഞു.
തന്ത്രപരമായ നീക്കം
കെട്ടിക്കിടക്കുന്ന കേസുകൾക്ക് തുമ്പുണ്ടാക്കാനുള്ള കേരള പൊലീസിൻ്റെ നീക്കത്തിൻ്റെ ഭാഗമായാണ് ഇയാളുടെ ഫയലും ഓപ്പൺ ആയത്. പത്രത്തിൽ വന്ന മരണവാർത്തയും വ്യാജമാണെന്ന് തെളിഞ്ഞതോടെ സരിനെ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് ഒരു വെല്ലുവിളി കൂടിയാണ്. സംഭവത്തെക്കുറിച്ച് നിലവിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും, വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും വ്യക്തമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കാം എന്നുമാണ് കോഴിക്കോട് റൂറൽ എസ് പി മെറിൻ ജോസഫ് പ്രതികരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR