ആ വൈറല് കൃഷ്ണനും കുചേലനും ഇവിടെയുണ്ട്
Thrissur , 08 സെപ്റ്റംബര് (H.S.) ഗുരുവായൂരിൽ അഷ്ടമിരോഹിണി നാളിൽ ഈ കൃഷ്ണ-കുചേല സംഗമം കണ്ട് കണ്ണ് നിറയാത്തവർ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഭക്തിയുടെയും സ്നേഹത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും ഒരു നേർക്കാഴ്ചയായിരുന്നു അരങ്ങേറിയത്. പുരാണങ്ങളിലെ ദരിദ്രനായ
KRISHNA AND KUCHELA GURUVAYUR


Thrissur , 08 സെപ്റ്റംബര് (H.S.)

ഗുരുവായൂരിൽ അഷ്ടമിരോഹിണി നാളിൽ ഈ കൃഷ്ണ-കുചേല സംഗമം കണ്ട് കണ്ണ് നിറയാത്തവർ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഭക്തിയുടെയും സ്നേഹത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും ഒരു നേർക്കാഴ്ചയായിരുന്നു അരങ്ങേറിയത്. പുരാണങ്ങളിലെ ദരിദ്രനായ കുചേലൻ തൻ്റെ ഉറ്റസുഹൃത്തായ ദ്വാരകാധീശനെ കാണാൻ എത്തിയ ആ പഴയ കഥയെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ ക്ഷേത്രനഗരിയിൽ പുനർജനിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഭക്തിയാൽ ഈറനണിഞ്ഞു. കണ്ണനായി എത്തിയ കൊടുങ്ങല്ലൂർ അഞ്ചപ്പാലം പഴൂക്കുന്നത് കലേഷ് കാർത്തികേയൻ്റെയും ലിൻസയുടെയും മകളായ കൃഷ്ണയും കുചേലനായി വന്നത് ആലപ്പുഴ കൈനടി പയറ്റുവാക പൂത്തറയിൽ 72-കാരനായ അപ്പുക്കുട്ടൻ നായരുമാണ് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്.

സംഭവമിങ്ങനെ...

ഗുരുവായൂരിൽ കണ്ടുപിരിഞ്ഞ കൃഷ്ണനും കുചേലനും പരസ്പരം അറിയില്ല എന്നത് ഏറെ കൗതുകകരമാണ്. ഒരു വയസു മുതൽ എല്ലാ അഷ്ടമിരോഹിണി നാളിലും കൃഷ്ണമോൾ കൃഷ്ണ വേഷം അണിയാറുണ്ട്. കുചേലനായി അപ്പുക്കുട്ടൻ നായരും അമ്പലങ്ങളിൽ വേഷം കെട്ടാറുണ്ട്. ഗുരുവായൂർ പോകണം എന്നാഗ്രഹത്തിലാണ് അഷ്ടമി നാളിൽ ഗുരുവായൂരിൽ അദ്ദേഹം എത്തിയത്. അവിടെ ഒരുപാട് കൃഷ്ണൻമാരെ കണ്ടെങ്കിലും, തികച്ചും യാദൃശ്ചികമായ കൂവള മരച്ചോട്ടിൽ ഫോട്ടോ എടുക്കാൻ നിന്ന കൃഷ്ണമോളെ കണ്ടപ്പോൾ അദ്ദേഹം അടുത്തേക്ക് ചെന്നു. കണ്ണാ..എത്ര നാളായി തേടി നടക്കുന്നു... ഇതുവരെ എവിടെയായിരുന്നു എന്ന് ചോദിച്ചതും ഒരു നിമിഷം ആ വേഷപ്പകർച്ച മറന്ന്, കണ്ണൻ തൻ്റെ സതീർത്ഥ്യനായ കുചേലനെ ഹൃദയത്തോട് ചേർത്തുപിടിച്ച് പൊട്ടിക്കരയുന്ന ഈ കാഴ്ച കാണുന്ന ഏതൊരു മനുഷ്യൻ്റെയും കണ്ണ് നനയിച്ചു. സോഷ്യല് മീഡിയയിലും തരംഗമാണ് ഈ കൃഷ്ണ-കുചേല സംഗമം. ഇത്തരത്തിലുള്ള സംഗമം ഏറെ കണ്ടിട്ടുണ്ടെങ്കിലും

വൈറല് കൃഷ്ണനെ പരിചയപ്പെടാം...

കൃഷ്ണഭക്തരായ കലേഷും ലിൻസയും, ആറ്റുനോറ്റുണ്ടായ പെൺകുഞ്ഞ് ജനിച്ചപ്പോൾ കൃഷ്ണ എന്ന് പേരിടുകയായിരുന്നു. ശ്രീകൃഷ്ണജയന്തിദിനത്തിൽ കൃഷ്ണനായൊരുങ്ങാൻ വലിയ കലേഷി ഇഷ്ടമാണ്, ഒരു വയസു മുതൽ അച്ഛനും അമ്മയും അവളെ കൃഷ്ണ വേഷമണിയിക്കാറുണ്ട്.

ഞാൻ എല്ലാ വര്ഷവും കൃഷ്ണ വേഷം കെട്ടാറുണ്ട്. പക്ഷേ, ഇത്തവണ ആദ്യമായിട്ടാണ് ഗുരുവായൂരിലേക്ക് പോയത്. ഫോട്ടോ എടുക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കുചേല വേഷമിട്ട ഒരു അപ്പൂപ്പനെ കണ്ടത്. യുവാക്കള് കുചേല വേഷമിടുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല് ഒരു അപ്പൂപ്പൻ കുചേല വേഷമിട്ടത് ഇതാദ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോള് ഞാൻ പുഞ്ചിരിച്ചു. ആ നിമിഷം അദ്ദേഹം എന്നെ കണ്ണാ... എന്ന് വിളിച്ചു. ശരിക്കും അത് എൻ്റെ ഉള്ളില് തട്ടി. ഞാൻ അറിയാതെ എൻ്റെ കണ്ണില് നിന്നും വെള്ളം വരാൻ തുടങ്ങി. അദ്ദേഹം അടുത്തേക്ക് വരും തോറും എനിക്ക് സങ്കടം തോന്നി. അങ്ങനെ കെട്ടിപ്പിടിച്ചു, ആകെ കരച്ചിലായി വൈകാരികമായി കൃഷ്ണ പ്രതികരിച്ചു. കൊടുങ്ങല്ലൂര് ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിനിയാണ് കൃഷ്ണ.

കൃഷ്ണയെ നേരില് കാണണമെന്ന ആഗ്രഹവുമായി അപ്പുക്കുട്ടൻ നായര്

നാട്ടിലെ ക്ഷേത്രങ്ങളിൽ കുചേല വേഷമണിയിടുന്നത് അപ്പുക്കുട്ടൻ നായര്ക്ക് പതിവാണ്. നേരത്തെ തടിക്കച്ചവടവുംമറ്റും ചെയ്തിരുന്ന അദ്ദേഹം ഒരു ബാല ആർട്ടിസ്റ്റുമാണ്. തൊഴാനുള്ള ആഗ്രഹത്തിലാണ് അതേ വേഷത്തിൽ ഗുരുവായൂരിലെത്തിയത്. “അമ്പലത്തിൽ കയറിയപ്പോൾ മുതൽ ഏറെ കൃഷ്ണൻമാരെ കണ്ടു, ഈ കൃഷ്ണൻ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അടുത്തേക്ക് ചെല്ലാൻ തോന്നി അപ്പുക്കുട്ടൻ നായർ പറഞ്ഞു. ഗുരുവായൂരില് കണ്ടുമുട്ടിയ ആ കൃഷ്ണനെ ഒന്നുകൂടെ കാണാൻ അല്ലെങ്കില് തനിക്കൊന്ന് സംസാരിക്കാൻ വളരെ അധികം ആഗ്രഹമുണ്ടെന്ന് വൈകാരികമായി കുചേല വേഷം ധരിച്ച് വൈറലായ അപ്പുകുട്ടൻ നായര് പ്രതികരിച്ചു. ആ കുട്ടിയെ ആര്ക്കെങ്കിലും അറിയാമെങ്കില് എനിക്ക് അവരെ കുറിച്ചുള്ള വിവരങ്ങള് കൈമാറാണമെന്നും അദ്ദേഹം വിനീതമായി അഭ്യര്ഥിച്ചു.

ഭഗവാൻ കൃഷ്ണനും അദ്ദേഹത്തിൻ്റെ ദരിദ്രനായ സഹപാഠി കുചേലനും (സുദാമാവ്) തമ്മിലുള്ള കണ്ടുമുട്ടലാണ് ഹൈന്ദവ പുരാണങ്ങളിൽ 'കൃഷ്ണ-കുചേല സംഗമം' എന്നറിയപ്പെടുന്നത്. ആത്മബന്ധത്തിൻ്റെ, നിഷ്കളങ്കമായ സൗഹൃദത്തിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് കൃഷ്ണയിലൂടെയും അപ്പുക്കുട്ടൻ നായരിലൂടെയും ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ആയിരക്കണക്കിന് ഭക്തർ കൺകുളിർക്കെ കണ്ടുനിന്നു. ഭക്തി എന്നാൽ ഭയമല്ല, മറിച്ച് അളവറ്റ സ്നേഹവും സമർപ്പണവുമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഗുരുവായൂർ ക്ഷേത്രപരിസരത്തെ ഭക്തിസാന്ദ്രമാക്കിയ ആ കൃഷ്ണ-കുചേല സംഗമം കണ്ടുനിന്നവർക്ക് ഇതൊരു വെറുമൊരു കാഴ്ചയായിരുന്നില്ല, മറിച്ച് ആത്മാവിനെ തൊട്ടറിഞ്ഞ ഒരു ദിവ്യാനുഭൂതിയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News