Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും പലയിടത്തും അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ വലയ്ക്കുകയും ചെയ്തു. കടുത്ത വേനലിന് സമാനമായ കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 36.2 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. കോട്ടയത്ത് 35.2 ഡിഗ്രി സെൽഷ്യസും പാലക്കാട് 34.2 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ താപനില ഉയർന്നുനിൽക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
ജാഗ്രതാ നിർദേശങ്ങൾരാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കർശനമായും ഒഴിവാക്കണം. ഈ സമയങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നതും മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്. നിർജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുന്നവർ നിർബന്ധമായും കുടിവെള്ളം കൈയിൽ കരുതണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
വൈദ്യുതി പ്രതിസന്ധിഅതേസമയം, ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ അധിക ആവശ്യകതയാണ് ഇപ്പോൾ ഉള്ളത്. വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പലയിടങ്ങളിലും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന.
ആശ്വാസമായി മഴയെത്തുംഎന്നാൽ, കനത്ത ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്താം തീയതിയോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പത്താം തീയതി ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പതിനൊന്നാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴ ലഭിക്കുന്നതോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR