തൃക്കാക്കര ഭാരത് മാതാ കോളജ് വിദ്യാർഥി ഉൾപ്പെട്ട മോർഫിങ് കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ
Ernakulam , 08 സെപ്റ്റംബര് (H.S.) തൃക്കാക്കര ഭാരത് മാതാ കോളജ് വിദ്യാർഥി ഉൾപ്പെട്ട മോർഫിങ് കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സ
MORPHING CASE ARREST KOCHI


Ernakulam , 08 സെപ്റ്റംബര് (H.S.)

തൃക്കാക്കര ഭാരത് മാതാ കോളജ് വിദ്യാർഥി ഉൾപ്പെട്ട മോർഫിങ് കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പിടിയിലായ ശ്രീഹരി, സനീഷ് എന്നിവർക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് കമ്മിഷണർ വ്യക്തമാക്കി.

കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും

പ്രതികളുടെ മൊബൈൽ ഫോണുകൾ വിശദമായി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ മോർഫിങ് കേസിന് പുറമേ പോക്സോ നിയമപ്രകാരം കൂടി പൊലീസ് കേസെടുത്തത്. പിടിച്ചെടുത്ത ഫോണുകൾ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും കമ്മിഷണർ പറഞ്ഞു.

പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ പ്രതികൾ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ചാനൽ അവതാരകയുമായി ബന്ധപ്പെട്ട വിഷയം

ചാനൽ അവതാരകയുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലും അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയാണെന്ന് കമ്മിഷണർ പറഞ്ഞു. വിഷയത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നും പൊലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ചാനൽ അവതാരകയ്ക്കെതിരെ മാത്രം എട്ടോളം പരാതികളാണ് ഇ-മെയിൽ വഴി പൊലീസിന് ലഭിച്ചിരിക്കുന്നത്. വളരെ സെൻസിറ്റീവായ വിഷയമായതിനാൽ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കു എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസ് ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധംകൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടുന്ന അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിലപാടിലേക്ക് കടക്കുകയാണ് പൊലീസ്. ബസ് ജീവനക്കാരിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകും. ദിവസവേതനത്തിന് ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാരാണ് പലപ്പോഴും പൊതുസ്ഥലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉടമകൾ ബസുകൾ ദിവസവാടകയ്ക്ക് കൊടുക്കുന്ന പ്രവണതയും ഇത്തരം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസ് ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

സർട്ടിഫിക്കറ്റില്ലാത്ത ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. ഇന്ന് ഇതുമായി ബന്ധപ്പെട്ട് ബസുടമകളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗവും പൊലീസ് വിളിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കർശന നടപടികൾ സ്വീകരിക്കുന്നത്. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News