മണിപ്പൂരി സംഗീതജ്ഞന് ചോങ്തം വിക്രം സിങ്ങ് കൊല്ലപ്പെട്ടു; നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകൾ
New delhi, 08 സെപ്റ്റംബര്‍ (H.S.) മണിപ്പൂരി സംഗീതജ്ഞൻ ചോങ്‌തം വിക്രം സിങ്ങ്‌ കൊലപ്പെട്ടു. വീടിന് പുറത്തുണ്ടായ ബഹളത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൻ എത്തിയത്. മണിപ്പൂർ സ്വദേശിയായ വിക്രം സിങ്ങ്‌ ഡൽഹിയിലാണ് താമസിച്ചിരുന്നത്. ഞായറാഴ്‌ച രാത്രി ത
Mucian


New delhi, 08 സെപ്റ്റംബര്‍ (H.S.)

മണിപ്പൂരി സംഗീതജ്ഞൻ ചോങ്‌തം വിക്രം സിങ്ങ്‌ കൊലപ്പെട്ടു. വീടിന് പുറത്തുണ്ടായ ബഹളത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൻ എത്തിയത്. മണിപ്പൂർ സ്വദേശിയായ വിക്രം സിങ്ങ്‌ ഡൽഹിയിലാണ് താമസിച്ചിരുന്നത്. ഞായറാഴ്‌ച രാത്രി തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകാരി ഗ്രാമത്തിലുള്ള സൺലൈറ്റ് കോളനിയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൻ്റെ വീടിന് പുറത്ത് ഡെലിവറി ബോയ്‌സും ധാബ ജീവനക്കാരും ചേർന്ന് ബഹളമുണ്ടാക്കിയതിനെ സിങ് ചോദ്യം ചെയ്‌തിരുന്നു.

തുടർന്നുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായിയാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പിന്നീട്‌ ചികിത്സയ്ക്കായി മകൻ യൈഫബയാണ് സിംഗിനെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

വീരേന്ദർ കുമാറിൻ്റെ മകൻ വിക്രം സിങ്ങിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പി.സി.ആർ കോളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. 'ജി.ഡി. നമ്പർ 10A' ആയി രേഖപ്പെടുത്തിയ ഈ പരാതി അന്വേഷണത്തിനായി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്‌ടർക്ക് കൈമാറി.

തൻ്റെ വീടിന് മുന്നിൽ ഡെലിവറി ജീവനക്കാരും ധാബയിലെ ജീവനക്കാരും ചേർന്ന് ഉണ്ടാക്കിയ ശല്യത്തെ സിംഗ് ചോദ്യം ചെയ്‌തതാണ് സംഭവത്തിന് വഴിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. താഴെയിറങ്ങി ഇവരെ ചോദ്യം ചെയ്‌തപ്പോൾ അവർ തന്നെ കൈകൊണ്ടും മറ്റും മർദ്ദിച്ചതായി സിങ്ങ് ആരോപിച്ചു.

കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ സംശയാസ്‌പദമായ വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിലേക്കും സിംഗിൻ്റെ മരണത്തിലേക്കും നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംഭവം നടന്ന രീതിയും ഇതിൽ ഉൾപ്പെട്ടവരുടെ പങ്കും വ്യക്തമായ ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി വിക്രം സിങ്ങിൻ്റെ കുടുംബം വ്യക്തമാക്കി. മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്ന ഒരു സംഘം യുവാക്കൾ പ്രദേശത്ത് ശല്യമുണ്ടാക്കുന്നുണ്ടായിരുന്നെന്നും ശബ്‌ദം കുറയ്ക്കാൻ ആവശ്യപ്പെടാനായി അർദ്ധരാത്രിയോടെ സിംഗ് വീടിനു പുറത്തിറങ്ങിയിരുന്നുവെന്നും കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു.

ചോങ്‌തം വിക്രം സിങ്ങിൻ്റെ‌ മരണം ഡൽഹിയിലെ മണിപ്പൂരി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. നീതിയുക്തവും വേഗത്തിലുള്ളതും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് മണിപ്പൂരി സംഘടനകളിലെയും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരുടെ കൂട്ടായ്‌മകളിലെയും അംഗങ്ങൾ സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടി. എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പൊലീസിനുമേൽ സമ്മർദ്ദം ചെലുത്തേണ്ടി വന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.

വിക്രമിന് നീതി ലഭിക്കണം. അന്വേഷണം സുതാര്യമായിരിക്കണം, ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിപ്പൂരി പ്രവർത്തകയായ ലില്ലി പറഞ്ഞു.

മരണകാരണവും ശരീരത്തിലേറ്റ പരിക്കുകളുടെ സ്വഭാവവും കൃത്യമായി മനസിലാക്കുന്നതിനായി എയിംസിൽ (AIIMS) പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുകയാണ്. വിക്രം സിങ്ങിനോടുള്ള ആദരസൂചകമായും സംഗീതരംഗത്തെ അദ്ദേഹത്തിൻ്റെ സംഭാവനകൾ അനുസ്‌മരിച്ചുകൊണ്ടും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള യുവാക്കൾ മെഴുകുതിരി റാലി സംഘടിപ്പിച്ചു.

ചോങ്‌തം വിക്രം സിങ്ങിൻ്റെ മരണം ഡൽഹിയിലെ തങ്ങളുടെ സുരക്ഷയെക്കുറിച്ച് വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവർക്കിടയിൽ വീണ്ടും ആശങ്ക ഉണർത്തിയിരിക്കുകയാണ്. സിങ്ങിൻ്റെ വംശീയതയോ സ്വത്വമോ കാരണമാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയ തലസ്ഥാനത്ത് വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവർക്കെതിരെ ആക്രമണങ്ങളും പീഡനങ്ങളും വംശീയ അധിക്ഷേപങ്ങളും ഉണ്ടായ നിരവധി സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News