കോതമംഗലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ ഇടുക്കി സ്വദേശിയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു
Idukki , 08 സെപ്റ്റംബര് (H.S.) രോഗശമനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് നേരിടേണ്ടി വന്നത് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന കൊടുംചതി. വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കാലിൽ ഇട്ട 45 സെൻ്റീമീറ്റർ നീളമുള്ള ഇരുമ്പുകമ്പി ഞരമ്പിലൂടെ സഞ്ചരിച്ച്
Medical negligence


Idukki , 08 സെപ്റ്റംബര് (H.S.)

രോഗശമനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് നേരിടേണ്ടി വന്നത് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന കൊടുംചതി. വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കാലിൽ ഇട്ട 45 സെൻ്റീമീറ്റർ നീളമുള്ള ഇരുമ്പുകമ്പി ഞരമ്പിലൂടെ സഞ്ചരിച്ച് ഹൃദയത്തിന് സമീപമെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോതമംഗലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ ഇടുക്കി സ്വദേശിയായ യുവാവ് നിയമനടപടിക്കൊരുങ്ങുകയാണ്.

കോതമംഗലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് യുവാവിൻ്റെ ശരീരത്തിനുള്ളിൽ 18 ഇഞ്ചോളം നീളമുള്ള ഗൈഡ് വയർ ഉപേക്ഷിച്ചതായി ഗുരുതര പരാതി ഉയർന്നത്. ഇടുക്കി ബൈസൺവാലി നാൽപതേക്കർ സ്വദേശി ഏഴാനിക്കാട്ട് ഇ വി ഷൈജുവിനാണ് (40) ദുരനുഭവം ഉണ്ടായത്. വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി ഉപയോഗിച്ച കമ്പി ഞരമ്പിലൂടെ സഞ്ചരിച്ച് ഹൃദയത്തിന് സമീപം വരെ എത്തിയിരുന്നു. അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് ഷൈജു വ്യക്തമാക്കുന്നു.

വിദേശത്ത് വച്ച് പുറത്തുവന്ന സത്യം

കോതമംഗലത്തെ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഷൈജു ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ അവിടെവച്ച് ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. മുറിവിനുള്ളിൽ ലോഹഭാഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗൈഡ് വയർ രക്തക്കുഴലിനുള്ളിൽ കിടക്കുന്നതായി കണ്ടെത്തിയത്.

ചികിത്സ നടത്തിയ ഡോക്ടറെ ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബദ്ധം സംഭവിച്ചതാണെന്ന് അദ്ദേഹം സമ്മതിച്ചതായി ഷൈജു പറയുന്നു. വിദേശത്തുവച്ച് മുറിവ് ഡ്രസ് ചെയ്തപ്പോഴാണ് കമ്പി ഉള്ളിൽ കിടക്കുന്ന കാര്യം അറിയുന്നതെന്നും അത് ഞരമ്പിലൂടെ ഹൃദയത്തിൻ്റെ അടുത്ത് വരെ എത്തിയിരുന്നുവെന്നും ഷൈജു കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയാണ് തുടർച്ചികിത്സ നടത്തിയതെന്നും വിദേശത്തെ ജോലിയും നഷ്ടപ്പെട്ടതോടെ തൻ്റെ ജീവിതമാണ് അവർ തകർത്തതെന്നും യുവാവ് ആരോപിക്കുന്നു.

അടിയന്തര ശസ്ത്രക്രിയയും സങ്കീർണതകളുംജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഷൈജു ഉടൻ തന്നെ നാട്ടിലെത്തുകയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ സങ്കീർണമായ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ശരീരത്തിനുള്ളിൽ തങ്ങിനിന്ന ഗൈഡ് വയർ പുറത്തെടുത്തത്. 10 മാസത്തോളമായി കമ്പി ശരീരത്തിനുള്ളിൽ കിടന്നതിനാൽ രക്തക്കുഴലുകളിൽ അണുബാധയുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. ഹൃദയത്തിലേക്ക് കമ്പി നീങ്ങിയിരുന്നെങ്കിൽ മരണം വരെ സംഭവിക്കാമെന്നിരിക്കെയാണ് തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടത്.

ജോലി നഷ്ടപ്പെട്ടു; പൊലീസിലും കോടതിയിലും പരാതിചികിത്സാ പിഴവ് മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഷൈജുവിന് വിദേശത്തെ ജോലി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. തുടർച്ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടിയും വന്നു. സംഭവിച്ച ഗുരുതര വീഴ്ചയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല ലഭിച്ചത്. തുടർന്നാണ് ഷൈജു രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിഷയത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി മാനേജ്മെൻ്റിനുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ഈ യുവാവ്.

ഒരു സാധാരണ വെരിക്കോസ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവാവിൻ്റെ ശരീരത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കുപയോഗിച്ച ഗൈഡ് വയർ തന്നെ അവശേഷിച്ചുവെന്ന പരാതി ഇപ്പോൾ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ചികിത്സാ പിഴവാണോ സംഭവിച്ചത്, ഉത്തരവാദിത്തം ആർക്കാണ്, സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങൾ ഇനി അന്വേഷണത്തിലും നിയമനടപടികളിലുമാണ് വ്യക്തമാകേണ്ടത്. സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News