Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.)
ദേശീയപാതകളിലെ അപകടങ്ങൾ ഇല്ലാതാക്കാൻ ജില്ലാ അടിസ്ഥാനത്തിൽ കളക്ടറുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ നിലവിൽ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
ഓരോ ജില്ലയിലെയും ദേശീയപാത നിർമാണവും സുരക്ഷയും ഈ കമ്മിറ്റി വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് ചെയ്യും.
തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എൻഎച്ച്എഐ അധികൃതർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ കളക്ടർമാർ എന്നിവരുമായി ഉന്നതതല യോഗം ചേർന്നത്.
അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ചെയ്തു.
ഉടൻ നടപ്പാക്കുന്ന നടപടികൾ
എൻഎച്ച്-66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിങ് സൈനേജ്, ബാരിയർ, ലൈറ്റിങ്, റിഫ്ലക്ടർ എന്നിവ ഉടൻ സ്ഥാപിക്കും.
റോഡ് വശത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും.
ബ്ലാക്ക് സ്പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ദീർഘകാല നടപടികൾ
വാഹനങ്ങൾക്ക് പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി വേ സൈഡ് അമെനിറ്റീസ് (WSA) പദ്ധതികൾ നടപ്പിലാക്കും.
പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിൽ, ഫുട് ഓവർ ബ്രിഡ്ജുകൾ പണിയും.
അമിതവേഗത്തിനും തെറ്റായ പാർക്കിങ്ങിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തും. രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തും.
എൻഎച്ച്എഐയുമായും മറ്റ് വകുപ്പുകളുമായും ചേർന്ന് ജോയിന്റ് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും.
ജീവഹാനി ആവർത്തിക്കാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും. റോഡുകൾ സുരക്ഷിതമാക്കുക എന്നത് പൊതുമരാമത്ത് വകുപ്പിന്റെ മുൻഗണനയാണ്.
---------------
Hindusthan Samachar / Sreejith S