Enter your Email Address to subscribe to our newsletters

Kannur , 08 സെപ്റ്റംബര് (H.S.)
പയ്യാമ്പലം പൊതു ശ്മശാനത്തിൽ ടോക്കൺ മാറിയതിനെത്തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ മാറി ശേഖരിച്ച സംഭവത്തിൽ നാടകീയ രംഗങ്ങളും സംഘർഷവും. സംസ്കാര ചടങ്ങിൻ്റെ മൂന്നാം നാൾ അസ്ഥി ശേഖരിക്കാനെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് തങ്ങളുടെ ഉറ്റവരുടെ കുഴിമാടം മൂടിയ നിലയിൽ കണ്ട് ഞെട്ടിയത്.
ചാലാ സ്വദേശിയായ പരേതയുടെ അസ്ഥിശേഖരണത്തിന് എത്തിയവർ കണ്ടത് മൃതദേഹം സംസ്കരിച്ച ഇടത്ത് അസ്ഥി ശേഖരിച്ച ശേഷം കുഴിമാടം മൂടിയിരിക്കുന്നതായാണ്. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാതെ കുഴഞ്ഞ ഇവർക്ക് 'കുഴിമാടത്തിൽ നിന്ന് അസ്ഥി തലേന്നാൾ മറ്റൊരു കൂട്ടർ ശേഖരിച്ചു പോയിരിക്കുന്നു' എന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംസ്കാര ചടങ്ങിൻ്റെ മൂന്നാം നാൾ ഭൗതികവശിഷ്ടങ്ങൾ ശേഖരിക്കാനായി പരേതരുടെ ബന്ധുക്കൾക്ക് നൽകുന്ന ടോക്കൺ പരസ്പരം മാറിയതാണ് ഈ അബദ്ധത്തിന് കാരണം. മരണാനന്തര കർമം യഥാവിധി നടത്താനാകാത്തതിൽ ശ്മശാനത്തിൽ എത്തിയവർ അസ്വസ്ഥരായി. ശ്മശാനം നടത്തിപ്പുകാരുമായി സംസാരിച്ചു രമ്യതയിൽ ആയതോടെ ഇവർ പ്രാഥമികമായി പിരിഞ്ഞുപോയെങ്കിലും, പിന്നീട് ചാലാ സ്വദേശികളുടെ ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന സംഘം ശ്മശാനത്തിൽ അതിക്രമം നടത്തുകയായിരുന്നു. ഈ കയ്യാങ്കളിയിൽ ശ്മശാനത്തിലെ പ്രവൃത്തികൾ നടത്തുന്ന ചാലാട് മണലിലെ രഞ്ജൻ, സഹായി പളനി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ രാജേഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു.
സംഭവമറിഞ്ഞ് തലേദിവസം കൂടാളി സ്വദേശിയായ പരേതൻ്റെ അസ്ഥിമാറി ശേഖരിച്ചു പോയവർ ഉച്ചയോടെ സ്ഥലത്ത് എത്തി യഥാർഥ കുഴിമാടത്തിൽ നിന്നുള്ള അസ്ഥി ശേഖരിച്ച് കർമങ്ങൾ നടത്തുകയും ചെയ്തു. ഈ സംഘർഷങ്ങളെ തുടർന്ന് അന്ന് മറ്റ് ശവസംസ്കാര ചടങ്ങുകൾ ദീർഘനേരം വൈകുകയും ചെയ്തു. കോർപ്പറേഷൻ കൗൺസിലർമാരായ അനൂപ് ബാലൻ, ഉമേഷൻ കണിയാങ്കണ്ടി എന്നിവർ ചേർന്നാണ് അടിയന്തരമായി ഇടപെട്ട് സംസ്കാര ചടങ്ങുകൾ വേഗത്തിലാക്കാൻ നേതൃത്വം നൽകിയത്.
കേസെടുത്ത് പൊലീസ്
രഞ്ജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് കണ്ണൂര് ടൗണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 332(c), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കണ്ടാലറിയുന്നവര്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്ഐ ടികെ അഖിലിനാണ് കേസിൻ്റെ അന്വേഷണ ചുമതല.
ആയുധമാക്കി പ്രതിപക്ഷം
കണ്ണൂർ കോർപ്പറേഷൻ പരിധിക്ക് പുറത്തുനിന്നുള്ള മൃതദേഹങ്ങൾ കൂടി പയ്യാമ്പലത്തേക്ക് എത്തുന്നതോടെ ശ്മശാനത്തിലെ അസൗകര്യങ്ങൾ വർധിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഇത് മുൻപും പലതവണ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ഈ വിഷയം ശക്തമായ ആയുധമാക്കി മാറ്റി.
എന്നാൽ ശ്മശാനത്തെതിരെയുള്ളത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് പരിഹരിച്ചുവെന്നും നിലവിൽ അത്തരത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നുമാണ് കോർപ്പറേഷൻ അധികാരികൾ പറയുന്നത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർ അകാരണമായി തിരക്കുകൂട്ടുന്നതാണ് പ്രശ്നം ആകുന്നതെന്ന് ശ്രീജ മഠത്തിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR