Enter your Email Address to subscribe to our newsletters

Kozhikode , 08 സെപ്റ്റംബര് (H.S.)
കോഴിക്കോട് മുൻ ഭരണാധികാരികളുടെ പരമ്പരയിലെ നിലവിലെ തലവനും തിരുവണ്ണൂർ പുതിയ കോവിലകം തെക്കേക്കെട്ട് താവഴി അംഗവുമായ സാമൂതിരി രാജ പി.കെ. കേരളവർമ (90) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിലെ വസതിയിൽ വച്ച് ഇന്ന് (സെപ്റ്റംബർ 8) ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 2025 ജൂണിൽ കെ.സി. രാമചന്ദ്രൻ രാജയുടെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹം സാമൂതിരി കുടുംബത്തിൻ്റെ അധ്യക്ഷനായി ചുമതലയേറ്റത്.
ഫാർമക്കോളജി വിദഗ്ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവുമാണ്. തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരിനൽകി സ്വാത ന്ത്ര്യസമരത്തിൻ്റെ ഭാഗമായ മുൻ അമ്പാടി കോവിലകം (സാമൂതിരി കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് അമ്പാ ടി കോവിലകം) ശ്രീദേവി വർമമയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാല രാമവർമയുടെയും മകനാണ്.
1936 സെപ്റ്റംബർ മൂന്നിനാണ് ജനനം. ചിന്താവളപ്പിലെ ഫ്ലാറ്റിലായിരുന്നു താമസം. ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്. വർഷങ്ങൾക്കുമുൻപ് ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയാൻ സംസ്ഥാനസർക്കാരിൻ്റെ ഫൈലേ റിയാസിസ് റിസർച്ച് സെൻ്ററുമായി ചേർന്ന് മരുന്നു കലർത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരുന്നു കേരളവർമ.
സാമൂതിരി കോളജിൽ നിന്ന് ഇൻ്റർമീഡിയറ്റ് പൂർത്തിയാക്കി അഹമ്മദാബാദിലെ എൽഎം ഫാർമസി കോളജിൽ നിന്ന് ഫാർമസി ബിരുദം നേടി. ശേഷം മുംബൈയിൽ ജർമൻ റെമഡീസിൻ്റെ ഫാക്ടറിയിൽ ജോലി ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെ ഫാർമസി വിഭാഗത്തിൽ നോൺ മെഡിക്കൽ ട്യൂട്ടറായി രണ്ടുവർഷം പ്രവർത്തിച്ചു. തുടർന്നാണ് നാർണ്യാട്ട് ഫാർ മസ്യൂട്ടിക്കൽസ് വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ആരംഭിക്കുന്നത്.
കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചേഴ്സസ് അസോസിയേഷൻ പ്രസിഡൻ്റായും ചെറുകിട വ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായും ഈ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചു. ഫാക്ടറി പിന്നീട് ബേപ്പൂർ നടുവട്ടത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്ഥാപനത്തിൻ്റെ പ്രവർത്തന മികവിന് വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതിയും അന്ന് പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന ആർ. വെങ്കിട്ടരാമൻ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സന്ദർശിച്ചിരുന്നു.
ഓസ്ട്രേലിയ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലേക്ക് വ്യവസായ വികസനസാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നിശ്ചയിച്ച സമിതിയിൽ അംഗമായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാർമക്കോളജി ഉപദേശകൻ എന്നനിലയിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവർമയാണ് ഭാര്യ. മക്കൾ: സുനീതി രാജ (വിവർത്തകയും ബുക്ക് എഡിറ്ററും, ഡൽഹി), ഡോ. കെ. സുജിത്ത് വർമ്മ (പ്രിൻസിപ്പൽ, നാഷണൽ കോളേജ് ഓഫ് ഫാർമസി, കെഎംസിടി). മരുമക്കൾ: കെ.സി. രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ. ദിവ്യ (അധ്യാപിക കൊയിലാണ്ടി ഗവ. എം.വി. ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ, സരസ്വതിവർമ, പരേതയായ സേതുവർമ. ഭൗതിക ശരീരം ചൊവ്വ രാവിലെ പത്ത് മണിക്ക് ചിന്താവളപ്പിലെ സ്വവസതിയിൽ എത്തിക്കും. സംസ്കാരം ചൊവ്വ വൈകീട്ട് 6.30ന് മാവൂർ റോഡ് സ്മൃതി പഥം ശ്മശാനത്തിൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR