ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടപ്പിലാക്കിയ ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ മറവിൽ വൻതോതിൽ പഞ്ചസാര ദുരുപയോഗം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് സപ്ലൈകോ.
Ernakulam , 08 സെപ്റ്റംബര് (H.S.) ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടപ്പിലാക്കിയ ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ മറവിൽ വൻതോതിൽ പഞ്ചസാര ദുരുപയോഗം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് സപ്ലൈകോ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിൻ്റെ കർശന നിർദേശത്തെ തുടർ
SUPPLYCO GIFT CARD FRAUD


Ernakulam , 08 സെപ്റ്റംബര് (H.S.)

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടപ്പിലാക്കിയ ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ മറവിൽ വൻതോതിൽ പഞ്ചസാര ദുരുപയോഗം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് സപ്ലൈകോ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിൻ്റെ കർശന നിർദേശത്തെ തുടർന്ന് സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കീർത്തി നിർമ്മൽ എന്ന സ്വകാര്യ കമ്പനിക്ക് വൻതോതിൽ സബ്സിഡി ഇതര പഞ്ചസാര വഴിതിരിച്ചുവിട്ടതായി വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് ഉയർന്ന തുകയുടെ പഞ്ചസാര അനധികൃതമായി കൈമാറ്റം ചെയ്ത സംഭവത്തിൽ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്.

സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്ലെറ്റ് ഇൻ ചാർജ് അഞ്ചു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്ലെറ്റ് ഇൻ ചാർജ് സന്ധ്യ എ. എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം. ആർ, പോഞ്ഞാശ്ശേരി വിൽപ്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആൻ്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസിൽ ചെറിയ എ എന്നിവരെയാണ് കേസിൽ പുതുതായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.

സംഭവം ഇങ്ങനെ..

സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിയായ കീർത്തി നിർമ്മലിന് ആയിരം രൂപ വിലമതിക്കുന്ന 1000 കൂപ്പണുകൾ കൈമാറിയിരുന്നു. തുടർന്ന് ഈ കൂപ്പണുകൾ ഉപയോഗിച്ച് മുഴുവൻ തുകയ്ക്കും സബ്സിഡി ഇതര പഞ്ചസാര മാത്രം വാങ്ങിയെടുക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി പെരുമ്പാവൂർ ഡിപ്പോയിൽ നിന്നുള്ള മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രൻ പഞ്ചസാര ആറ് ഔട്ട്ലെറ്റുകളിലേക്ക് ഇഷ്യൂ ചെയ്തതായി വ്യാജ രേഖ ഉണ്ടാക്കി. ഔട്ട്ലെറ്റുകളിൽ വെച്ച് പഞ്ചസാര ബില്ലടിച്ചെങ്കിലും യഥാർഥത്തിൽ ഉൽപ്പന്നം വിൽപ്പനശാലകളിലേക്ക് മാറ്റിയിരുന്നില്ല.

പഞ്ചസാര ഡിപ്പോയിൽ തന്നെ സൂക്ഷിക്കുകയും രേഖകളിൽ മാത്രം കൈമാറ്റം കാണിക്കുകയും ചെയ്തുവെന്നാണ് സപ്ലൈകോ വിജിലൻസ് വിഭാഗത്തിൻ്റെ പരിശോധനയിൽ തെളിഞ്ഞത്. പൊതുവിപണിയിൽ പഞ്ചസാരയ്ക്ക് ഉയർന്ന വിലയുള്ള സമയത്താണ് ഇത്തരം ക്രമക്കേട് നടന്നത്.

ഉയർന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് കീഴ്ജീവനക്കാരെ തട്ടിപ്പിന് പ്രേരിപ്പിച്ചതിനാണ് ഡെപ്യൂട്ടി മാനേജർ സജീവ് പോളിനെതിരെ നടപടിയെടുത്തതെന്ന് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. സപ്ലൈകോയിൽ ഇത്തരത്തിലുള്ള അഴിമതികളും ക്രമക്കേടുകളും യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും ഭക്ഷ്യമന്ത്രി മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News