Enter your Email Address to subscribe to our newsletters

Chennai, 08 സെപ്റ്റംബര്‍ (H.S.)
സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 179 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 187 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഏകദേശം 30,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം വിമാനം ചെന്നൈ വ്യോമാതിര്‍ത്തിയിലായിരുന്നു. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൈലറ്റ് ചെന്നൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിങ്ങിനുള്ള അനുമതി തേടുകയും ചെയ്തു.
വിമാനത്താവള അധികൃതര്‍ ഉടന്‍ തന്നെ അനുമതി നല്‍കിയതോടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ റണ്‍വേയ്ക്ക് സമീപം സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറുമണിയോടെ വിമാനം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ലാന്‍ഡിങ്ങിന് ശേഷം വിമാനം ഏപ്രണിലേക്ക് മാറ്റി പാര്‍ക്ക് ചെയ്തു.
വിമാനം സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനത്താവളത്തിലെ വിശ്രമകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും അധികൃതര്‍ ഒരുക്കി നല്‍കി. തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാരുടെ പ്രത്യേക സംഘം വിമാനത്തില്‍ വിശദമായ പരിശോധന നടത്തുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷം അര്‍ധരാത്രിയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ചെന്നൈയില്‍നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത്. പറക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത തകരാര്‍ ചെന്നൈ വിമാനത്താവളത്തില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവാക്കാന്‍ സഹായിച്ചു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 187 പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
---------------
Hindusthan Samachar / Sreejith S