സൈബര് തട്ടിപ്പ് തടയാന് റിസര്വ് ബാങ്ക്; സംശയാസ്പദമായ അക്കൗണ്ടുകള്ക്ക് പൂട്ടും
Mumbai, 08 സെപ്റ്റംബര്‍ (H.S.) സൈബര്‍ തട്ടിപ്പുകളില്‍ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്ന എ.ഐ. സംവിധാനം പ്രവര്‍ത്തനം തുടങ്ങി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇനവേഷന്‍ ഹബ്ബാണ് ''മ്യൂള്‍ഹണ്ട്
Rbi


Mumbai, 08 സെപ്റ്റംബര്‍ (H.S.)

സൈബര്‍ തട്ടിപ്പുകളില്‍ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്ന എ.ഐ. സംവിധാനം പ്രവര്‍ത്തനം തുടങ്ങി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇനവേഷന്‍ ഹബ്ബാണ് 'മ്യൂള്‍ഹണ്ട് എ.ഐ.' എന്ന എ.ഐ. അധിഷ്ഠിത സംവിധാനം വികസിപ്പിച്ചത്. ബാങ്കിങ് സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുകയും രഹസ്യാത്മകത ഉറപ്പാക്കുകയും ചെയ്യുന്നതാണിത്. ഇടപാടുകളുടെ സ്വഭാവം നിരീക്ഷിച്ച് സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് പെട്ടെന്ന് ഒന്നിലധികം അപരിചിതസ്രോതസ്സുകളില്‍നിന്ന് വലിയതുകകള്‍ വരുന്നതും വളരെവേഗം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതും കണ്ടെത്തും.

ഒരേ മൊബൈല്‍ ഫോണ്‍, ഒരേ ഐ.പി. അഡ്രസ്, ഒരേ ഉപകരണം എന്നിവ ഉപയോഗിച്ച് ഒന്നിലധികം ആളുകളുടെ അക്കൗണ്ടുകള്‍ ഒരു േകന്ദ്രത്തില്‍നിന്ന് നിയന്ത്രിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. അക്കൗണ്ട് തുറക്കുന്ന സമയത്ത് വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, യഥാര്‍ഥ ഉടമ തന്നെയാണോ കെ.വൈ.സി. നല്‍കുന്നത് തുടങ്ങിയ വിവരങ്ങളും നിരീക്ഷിച്ച് തടയും. സംശയാസ്പദമായ വിവരങ്ങളും തത്സമയ മുന്നറിയിപ്പുകളും ബാങ്കുകള്‍ക്ക് നല്‍കും. തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുംമുന്‍പുതന്നെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും എ.ഐ. സഹായിക്കും.

വിദ്യാര്‍ഥികളുടെയും ഗ്രാമീണമേഖലകളിലുള്ളവരുടെയും മറ്റും അക്കൗണ്ടുകള്‍ തട്ടിപ്പുസംഘം കമ്മിഷന്‍ നല്‍കി വാങ്ങി അതിലൂടെ ഇടപാടുനടത്തുന്ന രീതിയാണ് മ്യൂള്‍ അക്കൗണ്ട്. സംശയാസ്പദ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും മറ്റും കണ്ടെത്തുന്നതിനായി 2024 സെപ്റ്റംബറില്‍ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേര്‍ന്ന് സസ്‌പെക്റ്റ് രജിസ്ട്രി ആരംഭിച്ചിരുന്നു. ഇതിലൂടെ ഒരുവര്‍ഷംകൊണ്ട് 24.67 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാനും 8031 കോടിയിലധികം രൂപയുടെ ഇടപാടുകള്‍ തടയാനും കഴിഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News