Enter your Email Address to subscribe to our newsletters

New delhi, 08 സെപ്റ്റംബര്‍ (H.S.)
ഡല്‍ഹിയിലെ സത്യ നികേതനില്‍ അനധികൃതമായി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ശക്തമായ നടപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ദുരന്തത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ അനിയന്ത്രിതമായ നഗരവത്കരണത്തിന്റെയും അഴിമതിയുടെയും ഭരണപരമായ അനാസ്ഥയുടെയും ഭയാനകമായ തെളിവാണ് ഈ ദുരന്തം. സംഭവത്തിന് പിന്നാലെ ഡല്‍ഹിയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായി.
സത്യ നികേതന്‍ ദുരന്തം അഴിമതി നിറഞ്ഞ സംവിധാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭരണസംവിധാനത്തില്‍ അഴിമതി നിലനില്‍ക്കുന്നിടത്തോളം പേപ്പര്‍ ഓഡിറ്റ് കൊണ്ട് പ്രയോജനമില്ലെന്നും ഇത്തരം ദുരന്തങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) ബില്‍ഡിങ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും വന്‍ കൈക്കൂലി ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എഎപിക്ക് പുറമെ ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹിയിലുടനീളമുള്ള അനധികൃത പിജികളും ജീര്‍ണിച്ച കെട്ടിടങ്ങളും വിദ്യാര്‍ഥികളുടെ മരണക്കെണികളായി മാറിയെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദിപ്കെ പറഞ്ഞു. അപകടങ്ങള്‍ക്ക് ശേഷം മാത്രം സംവിധാനങ്ങള്‍ ഉണരുമെന്ന് നടിക്കുന്നിടത്തോളം സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപരമായ അനാസ്ഥ മൂലമുണ്ടായ കൂട്ടക്കൊലയായാണ് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിടിഐ) ഈ സംഭവത്തെ വിശേഷിപ്പിച്ചത്. അടുത്ത 15 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാ പിജികളുടെയും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ട് സിടിഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലൈസന്‍സ്, വാടക രജിസ്റ്റര്‍, പൊലീസ് വെരിഫിക്കേഷന്‍, അഗ്‌നിശമന വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) എന്നിവ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 20 വര്‍ഷം പഴക്കമുള്ള ജീര്‍ണിച്ച കെട്ടിടത്തിലേക്ക് അനധികൃതമായി രണ്ട് നിലകള്‍ കൂടി പണിതു. ബേസ്മെന്റില്‍ നിരന്തരം കുഴിച്ചിട്ടും ഈര്‍പ്പവും ഭിത്തികളില്‍ വിള്ളലുകളും ഉണ്ടായിട്ടും എംസിഡി നടപടിയെടുത്തില്ല. കേരളം, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഒരു കിടക്കയ്ക്ക് 12,000 മുതല്‍ 15,000 രൂപ വരെ നല്‍കേണ്ടി വന്നിട്ടും അവരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും കത്തില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S