മാധ്യമ സമരം: മുഖ്യമന്ത്രി ഇടപെടണം -കെ.യു ഡബ്ലു. ജെ
Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം: ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നതോടെ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയന്‍റെയും കേരള ന്യൂസ് പേപ്പർ എംേപ്ലായീസ് ഫെഡ
Kuwj


Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം:

ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്കു കടന്നതോടെ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയന്‍റെയും കേരള ന്യൂസ് പേപ്പർ എംേപ്ലായീസ് ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഉത്രാടത്തലേന്ന് തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ പോലും മാനേജ്മെന്‍റ് നിഷേധാത്മക സമീപനം തുടർന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിനു നിർബന്ധിതമായത്. തൊഴിൽ മന്ത്രിയുടെ നിർദ്ദേശത്തോട് പോലും ധിക്കാരപരമായി പ്രതികരിച്ച മാനേജ്മെൻ്റിൻ്റെ മാർക്കടമുഷ്ടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിൻ്റെയും കർക്കശ ഇടപെടൽ കൂടിയേ തീരൂ. വർഷങ്ങളായി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ മാധ്യമത്തിൽ മുമ്പ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റിവെച്ച ശമ്പള വിഹിതം അടക്കം വൻ തുക കുടിശ്ശിക നിൽക്കെയാണ് വീണ്ടും എട്ടു മാസ ശമ്പളം കുടിശ്ശികയാക്കിയിരിക്കുന്നത്. ഒപ്പം നിർബന്ധിത കരാർവത്കരണത്തിനും നിർബന്ധിത രാജിക്കും ആസൂത്രിത തന്ത്രങ്ങൾ മെനഞ്ഞു മാനേജ്മെന്‍റ് തീർത്തും മനുഷ്യത്വവിരുദ്ധമായ നിലപാട് തുടരുകയാണ്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായി ശമ്പളം നൽകിക്കൊണ്ടാണ് മാനേജ്മെന്‍റ് മറ്റുള്ളവരുടെ ശമ്പളം തടഞ്ഞുവെക്കുന്നത്. ശമ്പളം കിട്ടാതെ ജീവിതം വഴിമുട്ടി തൊഴിലാളികൾ രാജിവെച്ചുപോകുമെന്ന കണക്കുകൂട്ടലിലാണ് അവർ. ഭീഷണികൾക്കും സമ്മർദങ്ങൾക്കും അടിപ്പെട്ട് ഇരുനൂറോളം പേർ രാജിവെച്ചൊഴിയുകയും ചെയ്തിട്ടുണ്ട്. ഒപ്പം ജീവനക്കാർക്കു നേരെ പലവിധ പകപോക്കൽ നടപടികളും തുടരുകയും ചെയ്യുന്നു. സെപ്റ്റംബർ മൂന്നിനു തുടങ്ങിയ സമരം ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്‍റ് കടുംപിടുത്തം തുടരുകയാണ്. സർക്കാർ ഭാഗത്തുനിന്നും മന്ത്രിതല ചർച്ചക്കു ശേഷം കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിക്കുകയും പണിയെടുത്തതിന് കൂലി കൊടുക്കണമെന്ന രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ചു പ്രവർത്തിക്കണമെന്ന് മാനേജ്മെൻ്റിന് കർക്കശ നിർദേശം നൽകുകയും വേണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ. പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മാനേജ്മെൻ്റ് വഴങ്ങുന്നില്ലെങ്കിൽ അടിയന്തര നിയമ നടപടികൾക്കും സർക്കാർ മുന്നോട്ട് വരണമെന്ന് അവർ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News