പി.എസ്.സിയില് അഭിപ്രായ ഭിന്നത രൂക്ഷം; ചെയര്മാന് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നു; ഒന്നും ചര്ച്ച ചെയ്യുന്നില്ലെന്ന് അംഗങ്ങള്
Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.) പി.എസ്.സിയില്‍ അംഗങ്ങളും ചെയര്‍മാനും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പരീക്ഷകളുടെ യോഗ്യത നിശ്ചയിക്കുന്നതുള്‍പ്പെടെ, നിര്‍ണായക കാര്യങ്ങളില്‍ പിഎസ്സി ചെയര്‍മാന്‍ തീരുമാനമെടുത്തിരുന്നത്
Kerala PSC


Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.)

പി.എസ്.സിയില്‍ അംഗങ്ങളും ചെയര്‍മാനും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പരീക്ഷകളുടെ യോഗ്യത നിശ്ചയിക്കുന്നതുള്‍പ്പെടെ, നിര്‍ണായക കാര്യങ്ങളില്‍ പിഎസ്സി ചെയര്‍മാന്‍ തീരുമാനമെടുത്തിരുന്നത് കമ്മിഷനിലെ ബാക്കിയുള്ള അംഗങ്ങളുമായി കൂടിയാലോചിക്കാതെയെന്ന് ആക്ഷേപം. പിഎസ്സിയിലെ അംഗങ്ങള്‍, മുന്‍ അംഗങ്ങള്‍ എന്നിവരാണ് ആരോപണമുന്നയിച്ചത്. എന്നാല്‍, എല്‍ഡിഎഫിലെ വിവിധ കക്ഷികള്‍ നിയമിച്ചവരായതിനാല്‍ ഇവരില്‍ പലരും പരസ്യമായി പ്രതികരിക്കാന്‍ തയാറല്ലെങ്കിലും പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന എസ്‌ഐടി സംഘത്തോട് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നാണു സൂചന.

പിഎസ്സിക്ക് അകത്ത് നയപരമായ തീരുമാനമെടുക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും നിശ്ചിത എണ്ണം പിഎസ്സി അംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതികളെയാണ് ചുമതലപ്പെടുത്തുന്നത്. ഇതിന് ഒരു ചെയര്‍മാനെയും നിശ്ചയിക്കുന്നതാണു രീതി. ഈ സമിതിയിലെ അംഗങ്ങള്‍ക്ക് ഫയലുകള്‍ കൈമാറേണ്ടത് പിഎസ്സി ചെയര്‍മാനാണ്. തുടര്‍ന്ന് സമിതി വിഷയം പഠിക്കുകയും നിര്‍ദേശങ്ങള്‍ കമ്മിഷന്‍ യോഗത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യണം. എന്നാല്‍, ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് ഫയലുകള്‍ കൈമാറാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നതിനെതിരെ അംഗങ്ങളില്‍ പലരും പരാതി ഉന്നയിച്ചിരുന്നു.

നിയമനത്തിലെ യോഗ്യത നിശ്ചയിക്കല്‍, യോഗ്യതയുടെ അംഗീകാരം പരിശോധിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെ തീരുമാനമെടുക്കേണ്ട അക്കാദമിക് സമിതി, കമ്മിഷന് എതിരെയുള്ള നിയമപ്രശ്‌നങ്ങള്‍ പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ലിറ്റിഗേഷന്‍ സമിതി എന്നിവ പൂര്‍ണമായും ചെയര്‍മാനാണ് നിയന്ത്രിക്കുന്നത്.

ഈ ഫയലുകള്‍ ബാക്കി അംഗങ്ങള്‍ക്ക് കൈമാറുകയോ കമ്മിഷനില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. വിഷയം അതതു മെംബര്‍മാര്‍ തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും മുന്നണി തലത്തില്‍ കാര്യമായ നടപടിയുണ്ടായില്ല. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ പിഴവടക്കം പിഎസ്സിക്ക് എതിരെ പല പ്രശ്‌നങ്ങളും ഉദ്യോഗാര്‍ഥികള്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അത് ബാക്കി അംഗങ്ങളെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. ചെയര്‍മാന്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയും കമ്മിഷന്റേതായി പുറത്തിറക്കുകയും ചെയ്യുന്ന ഉത്തരവുകളിലേറെയും വിവാദമാകുമ്പോള്‍ മാത്രമാണ് ബാക്കി അംഗങ്ങള്‍ അറിയുന്നത്.

അധികാരമേറ്റ് 100 ദിവസം കഴിഞ്ഞിട്ടും പിഎസ്സിയിലെ 5 അംഗങ്ങളുടെ ഒഴിവ് നികത്താതെ യുഡിഎഫ് സര്‍ക്കാര്‍. നിലവില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ എല്ലാവരും എല്‍ഡിഎഫ് പ്രതിനിധികളാണ്. പിഎസ്സിക്ക് എതിരെ നിരന്തരം ആരോപണങ്ങള്‍ വരികയും അതില്‍ത്തന്നെ പരീക്ഷ നടത്തിപ്പിലെ വീഴ്ച പിഎസ്സി സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ ഒഴിവുകള്‍ നികത്താത്തതില്‍ യുഡിഎഫിനകത്തും മുറുമുറുപ്പ് ശക്തമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഒഴിവുകള്‍ തിരക്കിട്ട് നികത്താന്‍ ശ്രമിച്ചത് ലോക്ഭവന്‍ തടയുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News