തമിഴ്നാട് നിയമസഭയില് കയ്യാങ്കളി; പ്രതിപക്ഷത്തെ ഡിഎംകെ എംഎല്എമാരെ പുറത്താക്കി
Chennai, 08 സെപ്റ്റംബര്‍ (H.S.) മുഖ്യമന്ത്രി വിജയ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെച്ചൊല്ലി തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലുകളും സര്‍ക്കാരിയ കമീഷന്‍ റിപ്പോര്‍ട്ടും ഉദ്ധരിച്ച് ഡിഎംകെയ്ക്കെതിരെ മുഖ്യമന്
Vijay vs Udhayanidhi


Chennai, 08 സെപ്റ്റംബര്‍ (H.S.)

മുഖ്യമന്ത്രി വിജയ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെച്ചൊല്ലി തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലുകളും സര്‍ക്കാരിയ കമീഷന്‍ റിപ്പോര്‍ട്ടും ഉദ്ധരിച്ച് ഡിഎംകെയ്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ഡിഎംകെ എംഎല്‍എമാരെ മാര്‍ഷല്‍മാരെ ഉപയോഗിച്ച് സഭയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി.

ചൊവ്വാഴ്ച രാവിലെ സഭ ചേര്‍ന്നയുടന്‍ ഡിഎംകെ ചീഫ് വിപ്പ് എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് വിഷയം ഉന്നയിച്ചത്. ഇ.ഡി ആരോപണങ്ങളും സര്‍ക്കാരിയ കമീഷന്‍ പരാമര്‍ശങ്ങളും സഭയില്‍ ഉന്നയിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഡിഎംകെയുടെ ഈ ആവശ്യം സ്പീക്കര്‍ ജെ.സി.ഡി പ്രഭാകര്‍ തള്ളി. മുന്‍പ് പലതവണ സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയും പരാമര്‍ശിച്ചതെന്നും, അതുകൊണ്ട് പരാമര്‍ശങ്ങള്‍ നീക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ ഡിഎംകെ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് ഇരച്ചെത്തി ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മിനിറ്റ് പോലും കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്ന് സ്പീക്കറും ഭരണപക്ഷവും കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകാതെ തങ്ങളുടെ വാദം മാത്രം അടിച്ചേല്‍പ്പിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് ഭരണകക്ഷി നേതാക്കള്‍ ആരോപിച്ചു. ഇ.ഡി രേഖകളും സര്‍ക്കാരിയ കമ്മീഷന്‍ കണ്ടെത്തലുകളും ഔദ്യോഗിക രേഖകളാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും നിയമമന്ത്രി ആര്‍. നിര്‍മല്‍ കുമാര്‍ സഭയില്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ ഡിഎംകെ വന്‍ അഴിമതി നടത്തിയതായി മുഖ്യമന്ത്രി വിജയ് സഭയില്‍ ആരോപിച്ചത്. മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെ ഇ.ഡി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഗുരുതര ആരോപണങ്ങളുണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. കൂടാതെ, മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി അധികാരം ദുര്‍വിനിയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചിരുന്നു. ഇതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷവും എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് സര്‍ക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സഭാ പരിസരം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി.

സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനും ജനാധിപത്യപരമായ ചോദ്യംചെയ്യലുകളെ ഭയന്നാണ് ഭരണപക്ഷം ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികളിലേക്ക് കടക്കുന്നതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാര്യങ്ങളും ഉയര്‍ത്തിക്കാട്ടി ജനക്ഷേമ വിഷയങ്ങളില്‍ നിന്ന് സഭയുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ ശക്തമായ നിയമപോരാട്ടവും തെരുവിലിറങ്ങിയുള്ള ജനകീയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ഭരണതലപ്പത്തെത്തിയ വിജയിയും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള തുറന്ന രാഷ്ട്രീയ യുദ്ധമാണ് നിയമസഭയിലെ അസാധാരണ രംഗങ്ങളിലൂടെ പുറത്തുവന്നത്. ഡിഎംകെയുടെ അഴിമതി രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്നും ഭരണപക്ഷത്തിന്റെ ഓരോ നീക്കത്തിനും ശക്തമായ മറുപടി ഉണ്ടാകുമെന്നുമാണ് ഭരണകക്ഷി എംഎല്‍എമാരുടെ നിലപാട്. സഭാ സമ്മേളനത്തിന്റെ വരും ദിവസങ്ങളിലും ഈ വാക്‌പോര് കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായതോടെ, തമിഴ്നാട് നിയമസഭ വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News