തൃക്കാക്കര മോര്ഫിങ് കേസ് : സാമ്പത്തിക ഇടപാടിന്റെ തെളിവുകള് പുറത്ത്
Kochi, 08 സെപ്റ്റംബര്‍ (H.S.) തൃക്കാക്കര മോര്‍ഫിങ് കേസില്‍ സാമ്പത്തിക ഇടപാടിന്റെ തളിവുകള്‍ പോലീസിന് ലഭിച്ചു. പ്രമോഷന്‍ ഗ്രൂപ്പുകളും പ്രീമിയം ഗ്രൂപ്പുകളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്
Kerala police


Kochi, 08 സെപ്റ്റംബര്‍ (H.S.)

തൃക്കാക്കര മോര്‍ഫിങ് കേസില്‍ സാമ്പത്തിക ഇടപാടിന്റെ തളിവുകള്‍ പോലീസിന് ലഭിച്ചു. പ്രമോഷന്‍ ഗ്രൂപ്പുകളും പ്രീമിയം ഗ്രൂപ്പുകളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാര്‍ഥി എസ്.ശ്രീഹരി നിര്‍മിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ രണ്ടാം പ്രതി സനീഷ് ഉപയോഗിച്ചത് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പ്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിക്കുന്നതു വഴി ആളുകളെ ആകര്‍ഷിച്ച് 'പ്രീമിയം ഗ്രൂപ്പില്‍' അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. പ്രീമിയം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ കൂടുതല്‍ 'എക്‌സ്‌ക്ലൂസീവാ'യ ചിത്രങ്ങളും ദൃശ്യങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി 'മല്ലു പ്രീമിയം ഗ്രൂപ്പ്' എന്ന പേരില്‍ ഇവര്‍ ഉണ്ടാക്കിയ പ്രത്യേക ടെലഗ്രാം ഗ്രൂപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രീമിയം ഗ്രൂപ്പിലേക്ക് ഒറ്റത്തവണ പ്രവേശന ഫീസായി 250 രൂപ വീതമാണ് ആളുകളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനായി സനീഷ് തന്റെ ക്യുആര്‍ കോഡ് അയച്ചുകൊടുത്തതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതുവരെ 12 പേര്‍ പണം നല്‍കി ഈ ഗ്രൂപ്പില്‍ അംഗമായിട്ടുണ്ടെന്നും ഇവരിലേക്കും അന്വേഷണം നീളുമെന്നും അന്വേഷണവൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ ഈ ചിത്രങ്ങള്‍ സാമ്പത്തികലാഭം ലക്ഷ്യമാക്കി വില്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണു പരിശോധന. മലപ്പുറം സ്വദേശിയായ ഒരു യുവാവ് ഉള്‍പ്പെടെ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയും തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയുമായ എസ്.ശ്രീഹരിയാണ് കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നത്. കോളജിലെ അധ്യാപികമാരുടേയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാമിലും മറ്റും പങ്കുവയ്ക്കുകയാണ് ശ്രീഹരി ചെയ്തിരുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതു കണ്ടവര്‍ കോളജ് അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ശ്രീഹരി അറസ്റ്റിലാവുകയുമായിരുന്നു. ശ്രീഹരിയെ കോളജ് പുറത്താക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ സാമ്പത്തികലാഭം ലക്ഷ്യമിട്ട് ശ്രീഹരി ചിത്രങ്ങള്‍ കൈമാറിയതായി പൊലീസിനു കണ്ടെത്താനായില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് ആലപ്പുഴ സ്വദേശിയായ സനീഷിലേക്ക് അന്വേഷണം എത്തുന്നത്. സനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വ്യക്തമായതും.

മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജില്‍ ബികോം വിദ്യാര്‍ഥിയാണ് സനീഷ്. ശ്രീഹരിയും സനീഷും തമ്മില്‍ നേരിട്ടു പരിചയമില്ലെങ്കിലും ശ്രീഹരി ടെലഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ സനീഷ് ദുരുപയോഗം ചെയ്തു സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു. ടെലഗ്രാമിന്റെ രഹസ്യസ്വഭാവവും സുരക്ഷാ ഫീച്ചറുകളും കാരണം പൊലീസിന്റെ പിടിയിലാകില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍ കുറ്റകൃത്യം തുടര്‍ന്നത്. സനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ശ്രീഹരിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാം.

---------------

Hindusthan Samachar / Sreejith S


Latest News