Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് ഐ.ടി സ്ഥാപനമായ എക്സാലോജിക്കും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ.എം നേതാവ് പി.എ. മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദേശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ വിശദമായ നിയമപരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ പ്രവർത്തനങ്ങൾക്കായി കമ്പനികളിൽ നിന്നും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങളും സംഭാവനകളും സ്വീകരിക്കുന്നത് സ്വാഭാവികമായ രാഷ്ട്രീയ രീതിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ മാസപ്പടി കേസിന്റെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ഇവിടെ രാഷ്ട്രീയ പാർട്ടിക്കല്ല പണം ലഭിച്ചിരിക്കുന്നത്; മറിച്ച് ഒരു സേവനവും നൽകാതെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് അനധികൃതമായി കോടിക്കണക്കിന് രൂപ എത്തിച്ചേർന്നുവെന്നാണ് ഉയർന്നുവന്നിട്ടുള്ള കണ്ടെത്തൽ. അതിനാൽ സാധാരണ രാഷ്ട്രീയ സംഭാവനകളുമായി ഇതിനെ കൂട്ടിക്കെട്ടാനാകില്ലെന്നും ഇത് കൃത്യമായി അന്വേഷിക്കേണ്ട അഴിമതി ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കത്തയച്ചിട്ടുള്ളത്. ഭരണകാലയളവിൽ കമ്പനിക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുന്നതിനായി മകളുടെ കമ്പനി വഴി കൈക്കൂലിപ്പണം എത്തിച്ചുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കേസിൽ ഇ.ഡി ശേഖരിച്ച നിർണായക സാമ്പത്തിക രേഖകളും തെളിവുകളും കത്തിനൊപ്പം സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്.
ഇ.ഡിയുടെ കത്ത് ഡി.ജി.പിയുടെ പരിഗണനയിലാണ് ഉള്ളതെന്നും വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ പകപോക്കലുകൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല, എന്നാൽ ഭരണത്തിലിരിക്കെ നടന്നിട്ടുള്ള അഴിമതികളെയും അനധികൃത പണമിടപാടുകളെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. നിയമത്തിന് മുന്നിൽ ആരും അതീതരല്ല. ഏജൻസി സമർപ്പിച്ചിട്ടുള്ള കണ്ടെത്തലുകൾക്ക് നിയമപരമായ അടിത്തറയുണ്ടോ, സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിയിൽ ഇത് എങ്ങനെ നിലനിൽക്കും തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് പോലീസ് കടക്കുക.
ഇ.ഡിയുടെ അസാധാരണ നീക്കത്തോടെ കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി മാറും.
---------------
Hindusthan Samachar / Roshith K