Enter your Email Address to subscribe to our newsletters

Kollam, 09 സെപ്റ്റംബര്‍ (H.S.)
അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷണ്‍ മാ' യുടെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി 'ബാല്യസ്പന്ദനം' ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.
'പോഷണ്‍ മാ' നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാ ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക- മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും.ഇലക്കറികള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, ചെറുധാന്യങ്ങള്‍ എന്നിവ ഉറപ്പാക്കി ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അങ്കണവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ 33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പത്ത് അമ്മമാരുടെ സ്ഥാനത്തു നിന്നാണ് അങ്കണവാടി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും വിതരണം ചെയ്തു. വേതനവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി സരസ്വതി, ഡിഎംഒ ഷീജ എ എല്‍, എസിഎം സജീദ് എസ്, ജോ. ഡയറക്ടര്‍ ശിവന്യ എസ് എന്‍, അസി. ഡയറക്ടര്‍ എല്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S