Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 സെപ്റ്റംബര്‍ (H.S.)
അപ്ഡേഷനുകളുടെ കാലത്ത് ഏതു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പരിശീലനം അത്യന്താപേക്ഷിതമാണെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബുകളുടെ പ്രവർത്തന രൂപരേഖ തയാറാക്കുന്നതിന് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശില്പശാല നടന്നത്.
നമ്മുടെ ചുറ്റുപാടുകളിലും കൈകാര്യം ചെയുന്ന മേഖലകളിലും എല്ലാം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ എല്ലാ മേഖലകളിലും പരിശീലനം അനിവാര്യമാണ്.
വിദ്യാർത്ഥികൾക്ക് മുന്നിൽ വിവരങ്ങളുടെ മഹാപ്രവാഹമാണ്. മുൻപ് വിദ്യാർത്ഥികളുടെ അറിവുകളുടെ ഉറവിടം അധ്യാപകർ മാത്രം ആയിരുന്നെങ്കിൽ, ഇന്ന് അധ്യാപകർക്കൊപ്പം വിദ്യാർത്ഥികൾക്കും അറിവ് ലഭ്യമാകുന്ന നിരവധി സ്രോതസ്സുകൾ ഉണ്ട്. പരിശീലനങ്ങൾ രൂപകൽപ്പന ചെയ്യുന്ന സംവിധാനങ്ങൾക്ക് പോലും പരിശീലനം അനിവാര്യമായ കാലഘട്ടമാണ്. അധ്യാപകർ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിലെ എല്ലാ സംവിധാനങ്ങൾക്കും കാലികമായ പരിശീലനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സാങ്കേതികവിദ്യയിൽ ശാക്തീകരിക്കുക, വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും സാങ്കേതിക ജ്ഞാനവും മൂല്യബോധവും വളർത്തി പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഏകദിനശില്പശാല സംഘടിപ്പിച്ചത്.
ചടങ്ങിൽ എസ്ഐഇടി ഡയറക്ടർ ടി. സിബി മുഹമ്മദ്, എസ് സി ഇ ആർ ടി ഡയറക്ടർ പ്രൊഫ. ഡോ.കെ.കെ മഷൂദ്, സീമാറ്റ് ഡയറക്ടർ ആർ. അരുൺകുമാർ, സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൽ കബീർ എ.പി, എസ്ഐഇടി സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. പി.എൽ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S