സംസ്ഥാനത്ത് നാളെ മുതല് പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
Thiruvanathapuram, 09 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീനത്തിലാണ് കേരളത്
12% rainfall deficit across the state


Thiruvanathapuram, 09 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴയെത്തുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. 11ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 12ന് പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

മഴയ്ക്കുള്ള സാധ്യതകള്‍ക്കിടയിലും സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.2 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. കോട്ടയത്ത് 34.6 ഡിഗ്രി സെല്‍ഷ്യസും കൊച്ചിയില്‍ 34 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെല്‍ഷ്യസുമാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പം വര്‍ധിച്ചുനില്‍ക്കുന്നതും ജനങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

എല്‍ നിനോ പ്രതിഭാസം കേരളത്തിന്റെ കാലാവസ്ഥയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. സമീപവര്‍ഷങ്ങളില്‍ കാണാത്ത കടുത്ത ചൂടാണ് ഈ സെപ്റ്റംബറില്‍ അനുഭവപ്പെടുന്നത്. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ലഭിക്കേണ്ട കാലവര്‍ഷത്തില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായത് ഏറെ ആശങ്കപ്പെടുത്തുന്നു. വയനാട് ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതിപോലും ഇവിടെ ലഭിച്ചിട്ടില്ല. 52 ശതമാനം മഴക്കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് കാര്‍ഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം.

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് കേരളത്തിലെ മണ്‍സൂണ്‍ മഴയെ ദുര്‍ബലപ്പെടുത്തുകയും അങ്ങേയറ്റത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. പസഫിക്കിലെ താപനില വര്‍ധന അന്തരീക്ഷ താപനില ഉയര്‍ത്തുന്നതിനൊപ്പം കേരളത്തില്‍ മഴയുടെ അളവില്‍ ശരാശരി 21 മുതല്‍ 22 ശതമാനം വരെ കുറവുണ്ടാക്കും. ഇതിനുപുറമെ തീവ്രമഴയും മിന്നല്‍ പ്രളയങ്ങളും മാറിമാറി വരുന്ന പ്രതിഭാസത്തിനും ഇത് വഴിവെക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ശക്തി പ്രാപിക്കുന്ന സൂപ്പര്‍ എല്‍ നിനോയുടെ പ്രഭാവം 2027 ഫെബ്രുവരി വരെ നീളാന്‍ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.

---------------

Hindusthan Samachar / Sreejith S


Latest News