Enter your Email Address to subscribe to our newsletters

Newdelhi , 09 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനെ തീരുമാനിക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാണെന്നും ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനൊപ്പവും അടിയുറച്ചുനിൽക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. സംസ്ഥാന നേതൃമാറ്റവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചർച്ചകൾ ഊർജിതമാകുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം സുപ്രധാന കൂടിക്കാഴ്ച നടത്തി.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ആലോചനകൾ സജീവമാണ്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ താൻ എപ്പോഴും സന്നദ്ധനാണെന്ന് വ്യക്തമാക്കിയ കൊടിക്കുന്നിൽ സുരേഷ്, ദേശീയ നേതൃത്വത്തിന്റെ വിവേചനാധികാരത്തിലാണ് അന്തിമ തീരുമാനമെന്നും ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ പാർട്ടി ഔദ്യോഗികമായി ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടില്ലെന്നും, മുൻപും ജനപ്രതിനിധികൾ ഈ പദവി കാര്യക്ഷമമായി വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അതിനെ പൂർണ്ണമായി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിൽ നടന്ന ജാതി അധിക്ഷേപ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് രൂക്ഷവിമർശനം ഉന്നയിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ പങ്കെടുത്ത പൊതുപരിപാടിക്ക് പിന്നാലെ വേദിയിൽ തീവ്ര നിലപാടുള്ള സംഘടനകൾ 'ശുദ്ധീകരണ ചടങ്ങ്' നടത്തിയത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ പ്രമുഖ ദളിത് നേതാവും എഐസിസി അധ്യക്ഷനുമായ വ്യക്തിക്കെതിരെ ഇത്തരം വിവേചനമുണ്ടായിട്ടും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ ഉത്തരാഖണ്ഡ് പോലീസ് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ പങ്കാളികളായ പ്രതികൾ ആരൊക്കെയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും അവരെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. നീതിയുക്തമായ അന്വേഷണവും ശക്തമായ നിയമനടപടിയും ഉണ്ടാകുന്നില്ലെങ്കിൽ വിഷയം പാർലമെന്റിലും തെരുവിലും ശക്തമായി ഉയർത്തുമെന്നും കോൺഗ്രസ് വൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ദളിത് എംപിമാർ നേരത്തെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നിയമനടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം നിയമപരമായി തന്നെ നേരിടുമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളെയും പോലീസ് സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും നിയമപോരാട്ടത്തിലൂടെ ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകളെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിലും ഒപ്പം കേരളത്തിലെ സംഘടനാ തലത്തിലും ഈ വിഷയങ്ങൾ സജീവ ചർച്ചയാകുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.
---------------
Hindusthan Samachar / Roshith K