Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതെന്ന് നാട്ടുകാർ. മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്.എന്നാൽ വലിയ ബസ്സുകള്‍ക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയായിരുന്നു ഇത്. അപകടകരമായ ചെങ്കുത്തായ ഇറക്കവും വളവുകളും ആണ് ഈ വഴിയിൽ ഉള്ളത് . ബസ് പോകാൻ വിഷമകരമായ ഈ വഴിയിലൂടെ ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് യാത്ര ചെയ്തതാണ് അപകടത്തിന് വഴിയൊരുക്കിയത്.
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു എന്നാണ് സഹ ഡ്രൈവർ ഷിബു മാധ്യമങ്ങളോട് പറഞ്ഞത്. ദുർഘട പാതയിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി പോയെന്നും ഷിബു വ്യക്തമാക്കി. കേളകത്ത് നിന്നും പൂവത്തിൻചോല വഴി പോകുന്ന ഒരു ഇടുങ്ങിയ വഴിയിൽ കൂടിയാണ് ബസ് പോയത്. ഇത് വഴി എങ്ങനെ ബസ്സ് പോകുമെന്ന് ഞങ്ങൾ സംശയിച്ചിരുന്നതായി നാട്ടുകാർ തന്നെ പറയുന്നു.
അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വാഹനത്തിന്റെ ഡ്രൈവർ ആയ കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
---------------
Hindusthan Samachar / Roshith K