Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 4 മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളില്ല.
നട തുറന്ന ശേഷം ആഴി ജ്വലിപ്പിച്ചു. നിയുക്ത മേല്‍ശാന്തിമാരാണ് ആദ്യം പതിനെട്ടാം പടി കയറിയത്. നിലവിലെ മേല്‍ശാന്തി നിയുക്ത ശബരിമല മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. ഇന്ന് ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് സോപാനത്ത് നടക്കും.
വൃശ്ചികം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാര്‍ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീര്‍ഥാടനത്തിന് തുടക്കമാകും.
പ്രതിദിനം 80000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുക. ഇതില്‍ 70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങ് വഴിയുമാണ് ദര്‍ശനം. സ്പോട്ട് ബുക്കിങ്ങിനായി പമ്പ, എരുമേലി, സത്രം എന്നിവിടങ്ങളില്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സ്പോട് ബുക്കിങ് ചെയ്ത തീര്‍ഥാടകന്റെ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന പാസുകളാണ് ഈ വര്‍ഷം നല്‍കുന്നത്. പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്.
പതിവു പോലെ കെഎസ്ആര്‍ടിസി പമ്പയിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടനകാലം പ്രമാണിച്ച് 9 സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ- കൊല്ലം റൂട്ടില്‍ 4 സ്പെഷലുകള്‍ സര്‍വീസ് നടത്തും. ഈ മാസം 19 മുതല്‍ ജനുവരി 19 വരെയാണ് സര്‍വീസുകള്‍. കച്ചിഗുഡ - കോട്ടയം റൂട്ടില്‍ 2 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി. ഹൈദരാബാദ് - കോട്ടയം റൂട്ടില്‍ രണ്ടും കൊല്ലം- സെക്കന്ദരാബാദ് റൂട്ടില്‍ ഒന്നും സ്പെഷലുകള്‍ സര്‍വീസ് നടത്തും
---------------
Hindusthan Samachar / Sreejith S