Enter your Email Address to subscribe to our newsletters
Kerala, 23 നവംബര്‍ (H.S.)
പെര്‍ത്ത്: ആദ്യ ഇന്നിങ്സിന് വിപരീതമായി ഓപ്പണർമാർ ഇന്ത്യൻ കോട്ട കാത്തപ്പോൾ ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 46 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന നിലയിലാണ്. പത്ത് വിക്കറ്റുകളും കയ്യിലിരിക്കെ ഇന്ത്യയുടെ മൊത്തം ലീഡ് ഇപ്പോൾ 218 റണ്‍സ് ആയി.
ആദ്യ ഇന്നിംഗ്‌സില്‍ മുഴുവൻ ബാറ്റ്‌സ്മാന്മാരും വെറും 150ന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ 62*(153), യശ്വസ്‌വി ജയ്‌സ്‌വാള്‍ 90*(193) സഖ്യം പുറത്തെടുത്തത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച വിഖ്യാതമായ ഓസ്‌ട്രേലിയൻ പേസ് ബൗളിങ് നിര ഇന്ത്യൻ ഓപ്പണർമാർക്ക് മുന്നിൽ മറുപടിയില്ലാതെ കുഴങ്ങുന്ന കാഴ്ചയാണ് രണ്ടാം ദിനം പെർത്തിൽ കണ്ടത്.
ഓസ്ട്രേലിയ അവരുടെ ഒന്നാം ദിവസത്തെ സ്‌കോറായ ഏഴിന് 67 എന്ന നിലയിയിലാണ് കളി പുനരാരംഭിച്ചത്. എന്നാൽ വെറും 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് ക്യാരി (21), നേഥന്‍ ലയണ്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ സ്‌കോര്‍ 79ന് 9 എന്ന നിലയിലേക്ക് വീണു. അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 112 പന്തുകളില്‍ നിന്ന് നേടിയ 26 റണ്‍സും ജോഷ് ഹേസല്‍വുഡ് പുറത്താകാതെ നേടിയ ഏഴ് റണ്‍സുമാണ് ആതിഥേയരുടെ സ്‌കോര്‍ നൂറ് കടത്തിയത്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്.
---------------
Hindusthan Samachar / Roshith K