Enter your Email Address to subscribe to our newsletters
Kerala, 2 ഡിസംബര്‍ (H.S.)
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ വാദം കേള്‍ക്കണമോയെന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുന്നു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ബലാത്സംഗക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതി തീരുമാനം.
ഇരയുടെ വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ പ്രതി അന്വേഷണവുമായി സഹകരിക്കുന്നെണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത്, അഭിഭാഷകന്‍ ശ്രീറാം പറകാട് എന്നിവര്‍ വാദിച്ചു.
ഇതേതുടര്‍ന്നാണ് ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോയെന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
---------------
Hindusthan Samachar / Sreejith S