Enter your Email Address to subscribe to our newsletters

Kerala, 11 ജനുവരി (H.S.)
പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 15 പേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉള്‍പ്പെടുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ പലരും ഒളിവിലാണ്.
64 പേര്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതില്‍ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിമൂന്നാം വയസില്‍ ആദ്യം കാമുകനാണ് പീഡിപ്പിച്ചത്്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് ഫോണില്‍ പകര്‍ത്തി സുഹാത്തുക്കള്‍ക്ക് നല്‍കി. ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത കാട്ടി. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചു കൊണ്ടുപോയി വരെ കൂട്ടമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
കാറില്‍വച്ചും സ്‌കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപില്‍ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്.
---------------
Hindusthan Samachar / Sreejith S