Enter your Email Address to subscribe to our newsletters

Kerala, 11 ജനുവരി (H.S.)
കുര്‍ബാന തര്‍ക്കം രൂക്ഷമായ സിറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അതിരൂപതയില്‍ സമവായ നീക്കം. മാര്‍ ബോസ്‌കോ പുത്തൂര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി അവസാനിപ്പിക്കുകയും ചെയ്തു. മാര്‍ ബോസ്‌കോ പുത്തൂരിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിക്കുകയും ചെയ്തു.
ജനുവരി 6 മുതല്‍ 11 വരെ നടന്ന 33-ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ജോസഫ് മാര്‍ പാംപ്ലാനിയെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി തിരഞ്ഞെടുത്തത്. തലശേരി രൂപത ബിഷപ്പ് പദവിക്കു പുറമെയാണ് പുതിയ പദവി. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മാര്‍പ്പാപ്പ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിര്‍വഹണം നടത്താനുള്ള ചുമതല നല്‍കിക്കൊണ്ട് മാര്‍ ജോസഫ് പാംപ്ലാനിയെ വികാരിയായി നിയമിച്ചത്.
---------------
Hindusthan Samachar / Sreejith S