Enter your Email Address to subscribe to our newsletters
Kerala, 14 ജനുവരി (H.S.)
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. എന്നാല്‍ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബോബിയുടെ ആവശ്യം വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
അതിനിടെ നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പൊലിസിന്റെ നിലപാട് തേടിയിട്ടുണ്ട്. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
---------------
Hindusthan Samachar / Sreejith S